ലഖ്‌നൗ : ഉത്തർപ്രദേശിനെ വ്യാജ ഏറ്റുമുട്ടലുകളുടെ തലസ്ഥാനമാക്കി ബിജെപി മാറ്റിയെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം സർക്കാർ രൂപീകരിക്കുമ്പോൾ അയോധ്യയെ ലോകോത്തര നഗരമാക്കുമെന്ന് അയോധ്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരണത്തിന് കീഴിൽ ഏറ്റുമുട്ടലുകള്‍ക്ക് ഒരു മാതൃക തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് അഖിലേഷ് യാദവ് നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു. 'ആദ്യം ഒരാളെ തെരഞ്ഞെടുക്കുക, പിന്നീട് ഒരു വ്യാജ ഏറ്റുമുട്ടലിന്‍റെ കഥ ഉണ്ടാക്കുക, തുടർന്ന് വ്യാജ ചിത്രങ്ങൾ ലോകത്തെ കാണിക്കുക. കൊലപാതകത്തിന് ശേഷം കുടുംബാംഗങ്ങൾ സത്യം വെളിപ്പെടുത്തുമ്പോള്‍ പലതരത്തിലും അവരെ സമ്മർദത്തിലാക്കുക. അത്തരം ഏറ്റുമുട്ടലുകൾ സത്യമാണെന്ന് തെളിയിക്കാൻ ബിജെപി എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം അത് നുണയാണെന്ന് തെളിയുന്നു.'- അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.
ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടലുകളിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസും ആഞ്ഞടിച്ചു. 'സുൽത്താൻപൂരിലെ മങ്കേഷ് യാദവിന്‍റെ ഏറ്റുമുട്ടൽക്കൊല ബിജെപിക്ക് നിയമവാഴ്‌ചയിൽ വിശ്വാസമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എസ്‌ടിഎഫ് പോലുള്ള പ്രൊഫഷണൽ സേനകൾ ബിജെപി സർക്കാരിന് കീഴിൽ ‘ക്രിമിനൽ സംഘങ്ങളെ’ പോലെയാണ് പെരുമാറുന്നത്.
കേന്ദ്ര സർക്കാരിന്‍റെ മൗനം അവരുടെ വ്യക്തമായ പിന്തുണയാണ് പ്രകടമാക്കുന്നത്. ആ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? എന്തിനാണ് അവരെ രക്ഷിക്കുന്നത്? നിങ്ങളുടെ സർക്കാരുകൾ പരസ്യമായി ഭരണഘടനയെ കീറിയെറിയുമ്പോള്‍ ക്യാമറകൾക്ക് അവര്‍ ഭരണഘടന പിടിച്ചുനില്‍ക്കുന്നത് വെറും പ്രഹസനം മാത്രമാണ്.'- രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
സമാജ്‌വാദി പാർട്ടി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞയാഴ്‌ച മറുപടി നല്‍കിയിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഏതെങ്കിലും ഒരക്രമിയെ വെറുതെവിടുന്ന സാഹചര്യമുണ്ടായാല്‍ അയാള്‍ കൊലപ്പെടുത്താന്‍ സാധ്യതയുള്ള ജീവനുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടി സമാധാനം പറയുമോ എന്നായിരുന്നു ആദിത്യനാഥിന്‍റെ ചോദ്യം. എസ്‌പി സർക്കാരിന്‍റെ കാലത്ത് ഗുണ്ടകള്‍ പൊലീസിനെ ഓടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ അത് നേരെ തിരിഞ്ഞ് ഗുണ്ടകള്‍ ഓടുകയും പൊലീസ് ഓടിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്നും ആദിത്യനാഥ് പറഞ്ഞു.
Also Read : 'രാഹുൽ ഗാന്ധി നുണയന്‍, രാജ്യത്തെ ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണം': വിമർശിച്ച് ബിജെപി വക്താവ് സിആർ കേശവൻ