ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയ വൈമാനികനെ പിരിച്ച് വിട്ട് എയര്‍ ഇന്ത്യ. ഫുക്കെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനത്തിലെ വൈമാനികനാണ് മദ്യപിച്ച് വിമാനം പറത്തിയത്. പൈലറ്റിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കമ്പനി ഇതിലൂടെ നല്‍കുന്നത്.
ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്‌ത ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചെന്ന് വ്യക്തമായത്. എന്നാല്‍ സംഭവം വ്യോമയാന വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലം ആറ് മാസത്തിനിടെ 33 വൈമാനികരും 97 വിമാന ജീവനക്കാരും മദ്യപാന പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ വിമാനം പറത്തുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്.
ഇന്ത്യന്‍ വിമാനങ്ങള്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍, ഫ്ലൈയിങ്ങ് സ്‌കൂളുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവകളിലെ മദ്യപാന പരിശോധനയില്‍ പരാജയപ്പെട്ട ക്യാബിന്‍ ജീവനക്കാരെ വ്യോമയാന അധികൃതര്‍ മാറ്റി നിര്‍ത്തിയിരുന്നു. മദ്യാംശമുള്ള മൗത്ത് വാഷുകളും ടൂത്ത് ജെല്ലുകളും മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
2020ല്‍ കോവിഡ് മഹാമാരി പടര്‍ന്നതോടെ കുറച്ച് കാലത്തേക്ക് വൈമാനികര്‍ക്കടക്കം വ്യോമയാന ജീവനക്കാര്‍ക്ക് ബ്രത്ത് അനലൈസിങ് നിര്‍ത്തി വച്ചിരുന്നു. ഇത്തരം പരിശോധനകളിലൂടെ കൊറോണ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.
Also Read: വിമാനം ട്രക്കിലിടിച്ച് അപകടം ; ചിറകുകൾക്ക് കേടുപാടുകൾ, സംഭവം 160ലേറെ യാത്രക്കാരുള്ളപ്പോള്‍
ആദ്യവട്ടം പരിശോധനയില്‍ വീഴ്‌ച ഉണ്ടായാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. രണ്ടാമത് വീണ്ടും കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക, വീണ്ടുമൊരിക്കല്‍ കൂടി ഇതാവര്‍ത്തിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും.