ഗുരുഗ്രാം (ഹരിയാന) : ഈ വർഷം ഓഗസ്‌റ്റ് 18 മുതൽ ബെംഗളൂരുവിലെ കേംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിനും ലണ്ടൻ ഗാറ്റ്‌വിക്കിനും (എൽജിഡബ്ല്യു) ഇടയിൽ നോൺ - സ്‌റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ നഗരമാണ് ബെംഗളൂരു.
ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഈ സേവനം യുകെയിൽ എയർ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും. 'എയർ ഇന്ത്യ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ ആഴ്‌ചയിൽ 5 തവണ സർവീസ് നടത്തും. അങ്ങനെ ലണ്ടൻ ഗാറ്റ്‌വിക്കിലേക്കും തിരിച്ചുമുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം ആഴ്‌ചയിൽ 17 മടങ്ങായി ഉയർത്തും' -എന്ന് എയർ ഇന്ത്യയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമിയിൽ 238 വിശാലമായ സീറ്റുകളും ഉൾക്കൊള്ളുന്ന റൂട്ടിൽ എയർലൈൻ അതിൻ്റെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഉപയോഗിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്താമാക്കി. 'ഞങ്ങളുടെ അതിഥികൾക്ക് ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ സൗകര്യപ്രദവും നോൺ - സ്‌റ്റോപ്പ് ഫ്ലൈറ്റുകളും വാഗ്‌ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. യാത്രയുടെ വർധിച്ചുവരുന്ന ഡിമാൻഡ് ഈ പുതിയ റൂട്ട് നിറവേറ്റുകയും, ആഗോള ശൃംഖല വിപുലീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു' -എന്ന് എയർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്‌ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.
നിലവിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, കൊച്ചി എന്നിങ്ങനെ നാല് ഇന്ത്യൻ നഗരങ്ങളെ ലണ്ടൻ ഗാറ്റ്‌വിക്കുമായി എയർ ഇന്ത്യ ബന്ധിപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. 'ലണ്ടൻ ഹീത്രൂവിലേക്ക് ആഴ്‌ചയിൽ 31 തവണയും ബിർമിങ്‌ഹാമിൽ നിന്ന് 6 തവണയും എയർലൈൻ സർവീസ് നടത്തുന്നു' -എന്നും എയർ ഇന്ത്യ പറഞ്ഞു.
ALSO READ : മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ വിമാനം; ബോധരഹിതരായി യാത്രക്കാര്‍, വന്‍ പ്രതിഷേധം