ചെന്നൈ: അന്തരിച്ച നേതാക്കളായ എം ജി രാമചന്ദ്രനെയും ജെ ജയലളിതയെയും ഉൾപ്പെടുത്തി ബിജെപി നടത്തിയ പ്രചാരണത്തെ അപലപിച്ച് തമിഴ്‌നാട് പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ (AIADMK slams BJP for 'hijacking' its icons MGR, Jayalalithaa). ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നാണ് എഐഎഡിഎംകെയുടെ വിമർശനം. കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ ബിജെപി ഘടകം എം ജി രാമചന്ദ്രനെയും ജെ ജയലളിതയെയും ഉൾപ്പെടുത്തി ബാനറുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിലും പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു.
കേന്ദ്ര ഭരണ പ്രദേശത്തെ തൻ്റെ പാർട്ടി നേതാക്കൾ ഇതിനോടകം തന്നെ സംഭവത്തെ അപലപിച്ചിട്ടുണ്ടെന്ന് എ ഐ എ ഡി എം കെ നേതാവ് ഡി ജയകുമാർ പറഞ്ഞു. എഐഎഡിഎംകെ നേതാക്കളെ ഉൾപ്പെടുത്തി ബിജെപി പ്രചാരണം നടത്തിയത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ബിജെപി ലജ്ജിക്കണം. അവർക്ക് അൽപ്പം പോലും നാണക്കേട് തോന്നുന്നില്ലേ? നാണമില്ലാത്ത പാർട്ടിയാണ് ബിജെപി. എന്തിനാണ് നിങ്ങൾ ഞങ്ങളുടെ നേതാക്കളെ ഉപയോഗിച്ചത്? നിങ്ങളുടെ പാർട്ടി നേതാക്കളിൽ നിങ്ങൾക്ക് വിശ്വാസമില്ലാ എന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെ ഐക്കണായ അന്തരിച്ച മുഖ്യമന്ത്രിമാരായ എം ജി ആറിനെയും ജയലളിതയേയും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ അത് നടക്കില്ല. അവർ തങ്ങളുടെ മാത്രം നേതാക്കളാണെന്നും ജയകുമാർ വ്യക്തമാക്കി.
ഈ അടുത്തിടെ തമിഴ്‌നാട്ടിൽ നടന്ന ബിജെപി റാലിയിൽ എംജിആറിനെയും ജയലളിതയെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. ഇതിനിടെയാണ് അന്തരിച്ച എഐഎഡിഎംകെ നേതാക്കളെ ഉപയോഗിച്ച് പുതുച്ചേരിയിൽ ബിജെപി പ്രചാരണം നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ബിജെപിയുമായുള്ള എല്ലാ ബന്ധവും എഐഎഡിഎംകെ അവസാനിപ്പിച്ചിരുന്നു.