ഗാന്ധിനഗർ: ഡ്രൈവിങ് ടെസ്‌റ്റ് നടത്താന്‍ പുതിയ സംവിധാനവുമായി ഗുജറാത്ത്. സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫിസുകളിലും എഐ നിയന്ത്രിത ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെൻ്ററുകൾ ഒരുക്കാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ട്രാൻസ്‌പോർട്ട് കമ്മിഷൻ. ഇതോടെ മനുഷ്യ ഇടപെടലുകളില്ലാതെ നിർമിതബുദ്ധിയിലധിഷ്‌ഠിതമായി ഡ്രൈവിങ് ടെസ്‌റ്റ് നടത്താവും.
പുതിയ എഐ അധിഷ്‌ഠിത സംവിധാനത്തിൽ ഡ്രൈവിങ് കഴിവുകൾ നിരീക്ഷിക്കുന്നതിനായി നാലുചക്രവാഹനങ്ങൾക്ക് നാല് കാമറ വീതവും ഇരുചക്രവാഹനത്തിന് ഒന്ന് വീതവും, ഉൾപ്പെടെ ആകെ 17 ക്യാമറകൾ ടെസ്‌റ്റ് ട്രാക്കിൽ സ്ഥാപിക്കും. ഈ 17 കാമറകൾ പകർത്തിയെടുക്കുന്ന തത്സമയ ദൃശ്യങ്ങൾ സെർവറിലേക്കെത്തും. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനമാവും ഡ്രൈവിങ് ടെസ്‌റ്റുകൾ വിലയിരുത്തുക. ഡ്രൈവിങ് ടെസ്‌റ്റിന്‍റെ തുടക്കം മുതൽ അവസാനം വരെയുള്ള മുഴുവൻ പ്രക്രിയയും നടക്കുന്നത് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയായിരിക്കും.
ഉദ്യോഗാർത്ഥി ടെസ്‌റ്റിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നത് ഓട്ടോമാറ്റിക് സിസ്‌റ്റത്തിലൂടെ അറിയാനാകും. ഗുജറാത്തിലെ 37 ആർടിഒകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം നടപ്പാക്കും. ഓട്ടോമാറ്റിക് സിസ്‌റ്റം വരുന്നതോടെ ഡ്രൈവിങ് ടെസ്‌റ്റ് പ്രക്രിയ വേഗത്തിലാകും. പുതിയ സംവിധാനം അടുത്ത 10 മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫിസുകളിലും നടത്താനൊരുങ്ങുകയാണ് ഗുജറാത്ത് ട്രാൻസ്‌പോർട്ട് കമ്മിഷൻ.
Also Read: ഡ്രൈവിങ് ടെസ്‌റ്റില്‍ വീണ്ടും പരിഷ്‌കരണം; പുതുക്കിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്