നോം പെൻ (കംബോഡിയ): ജോലിതേടി കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. ഈ രാജ്യങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട് വ്യാപകമായി തൊഴിൽ തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലിക്കായി കംബോഡിയയിലേക്ക് പോകുന്ന ഇന്ത്യക്കാർ വിദേശകാര്യ മന്ത്രാലയം (എംഇഎ) അംഗീകരിച്ച ഏജൻ്റുമാർ മുഖേന മാത്രം തൊഴിൽ ഉറപ്പാക്കാണമെന്നാണ് കംബോഡിയയിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയത്.
തട്ടിപ്പിന് സാധ്യതയുള്ള തൊഴിൽ വാഗ്‌ദാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് എംബസി നിർദ്ദേശത്തിൽ വിവരിക്കുന്നു. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ കോൾ സെൻ്റർ തട്ടിപ്പുകളിലും ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികളാണ് 'ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്സ്' , 'കസ്‌റ്റമർ സപ്പോർട്ട് സർവീസ്' തുടങ്ങിയ തസ്‌തികകളിലേക്ക് ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യം നൽകി ആളുകളെ വഞ്ചിക്കുന്നതെന്ന് എംബസി ചൂണ്ടിക്കാട്ടുന്നു.
“കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അവിടങ്ങളിൽ വ്യാജ ഏജൻ്റുമാരുണ്ടെന്ന് അറിഞ്ഞിരിക്കണം. അവർ ഇന്ത്യയിലെ ഏജൻ്റുമാരോടൊപ്പം ചേർന്ന് സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്ക് ആളുകളെ ജോലിക്കായി വിളിക്കുന്നു. കംബോഡിയയിൽ ജോലി നോക്കുന്ന ഏതൊരാളും അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജൻ്റുമാർ വഴിയുളള ജോലിയാണെന്ന് ഉറപ്പുവരുത്തുക".
തട്ടിപ്പ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെ ഏജൻ്റുമാർ അഭിമുഖവും ടൈപ്പിങ് ടെസ്‌റ്റും നടത്തി ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുകയും, ഉയർന്ന ശമ്പളവും ഹോട്ടൽ ബുക്കിങ്ങും മടക്ക വിമാന ടിക്കറ്റുകളും വിസ സൗകര്യവും വാഗ്‌ദാനം ചെയ്യുന്നതായി എംബസി പറയുന്നു.
ലാവോസ് എന്നറിയപ്പെടുന്ന ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് (പിഡിആർ) ലേക്ക് തായ്‌ലൻഡിലൂടെ ഇന്ത്യൻ പൗരന്മാരെ ജോലിക്കായി റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങളും അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇരകളെ തായ്‌ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലേക്ക് അനധികൃതമായി കൊണ്ടുപോകുകയും ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ബന്ദികളെപ്പോലെ ജോലി നിര്ബന്ധിതരാക്കുകയും ചെയ്യുന്നു. അതിനാൽ, ഇന്ത്യൻ പൗരന്മാർ ഇത്തരം വഞ്ചനാപരമോ ചൂഷണപരമോ ആയ തൊഴിൽ വാഗ്‌ദാനങ്ങളിൽ വീഴരുതെന്നും ലാവോസിൽ ഏതെങ്കിലും തൊഴിൽ നോക്കും മുൻപ് ജാഗ്രത പുലർത്തണമെന്നും എംബസി മുന്നറിയിപ്പ് നൽകി.
കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ ഇന്ത്യൻ പൗരന്മാരുടെ പരാതികളോട് ഇന്ത്യൻ എംബസി ഉടനടി പ്രതികരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 250-ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തിരിച്ചയച്ചിട്ടുണ്ടെന്നും അതിൽ 75 പേരുടെ മോചനം കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണെന്നും എംഇഎ അറിയിച്ചു.
Read More : കെജ്‌രിവാളിന് കിട്ടി, ഹേമന്ത് സോറന് കിട്ടിയില്ല: ഒരേ ജഡ്‌ജിമാര്‍ പരിഗണിച്ച രണ്ട് ജാമ്യാപേക്ഷകളുടെ കഥ