ലഖിസരായി (ബിഹാർ) : ബുധനാഴ്‌ച (21-02-2024) പുലർച്ചെ ബിഹാറിലെ ലഖിസരായി ജില്ലയിൽ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ലഖിസരായ് - സിക്കന്ദ്ര മെയിൻ റോഡിലെ ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം നടന്നത് (accident in Lakhisarai district).
രാത്രി 1.30 ഓടെയാണ് അപകടമുണ്ടായതെന്ന് സിറ്റി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് കം ഇൻസ്‌പെക്‌ടർ അമിത് കുമാർ പറഞ്ഞു. അമിതവേഗതയിൽ വന്ന വാഹനവും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയെന്നും അമിത് കുമാർ കൂട്ടിച്ചേർത്തു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു, മാത്രമല്ല പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയിൽ 14 പേർ യാത്ര ചെയ്‌തിരുന്നതായി കരുതപ്പെടുന്നു, ഇതിൽ എട്ട് പേർ സംഭവസ്ഥലത്തും പരിക്കേറ്റവരിൽ ഒരാൾ സദർ ആശുപത്രിയില്‍ വച്ചും മരിച്ചു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും അവരെ വിദഗ്‌ധ ചികിത്സയ്ക്കായി ലഖിസരായിയിൽ നിന്ന് പിഎംസിഎച്ചിലേക്ക് അയച്ചെന്നും അധികൃതർ അറിയിച്ചു. മരിച്ചവരിൽ ഒരാൾ ലഖിസരായിലെ മഹിസോണയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ മനോജ് കുമാറാണെന്നും എട്ട് പേർ മുംഗർ, ലഖിസാരായി സ്വദേശികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വീർ പാസ്വാൻ, വികാസ് കുമാർ, വിജയ് കുമാർ, ദിബാന പസ്വാൻ, അമിത് കുമാർ, മോനു കുമാർ, കിസാൻ കുമാർ, മനോജ് ഗോസ്വാമി എന്നിവരാണ് മരിച്ചത്.
"പുലർച്ചെയാണ് ലഖിസരായി - സിക്കന്ദ്ര മെയിൻ റോഡില്‍ അപകടം നടക്കുന്നത്. ഒമ്പത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് ലഖിസരായ് എസ്‌പി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽപ്പെട്ടവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നും ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ട്രക്ക് പൊലീസ് കസ്‌റ്റഡിയിലെടുത്തു. അപകടത്തില്‍ അന്വേഷണം തുടരുകയാണ്, എസ്‌പി കൂട്ടിച്ചേർത്തു.
ജില്ലാ എസ്‌പി പങ്കജ് കുമാർ, മുനിസിപ്പൽ പൊലീസ് സ്‌റ്റേഷൻ പ്രസിഡന്‍റ് ദൽബാൽ എന്നിവർ സദർ ആസ്‌റ്റലിൽ എത്തി മരിച്ചയാളുകളെ തിരിച്ചറിയാൻ തുടങ്ങി. ഇതനുസരിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചുവരികയാണ്. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണന്ന് അധികൃതർ അറിയിച്ചു.
ALSO READ : കുന്ദമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി മരിച്ചു