ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ഡൽഹി മന്ത്രിയും മുതിർന്ന എഎപി നേതാവുമായ അതിഷി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ സംഘടനയാണോ എന്ന് അതിഷി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അതിഷിയുടെ വിമര്‍ശനം.
ഒരു മാസത്തിനകം പാർട്ടിയിൽ ചേരുകയോ അല്ലെങ്കിൽ ഇഡി അറസ്‌റ്റ് നേരിടാന്‍ തയ്യാറാവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി തന്നെ സമീപിച്ചിട്ടുണ്ടെന്ന് അതിഷി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിഷിക്ക് നോട്ടീസ് നൽകിയത്.
നിഷ്‌പക്ഷമായി തുടരുക, പ്രതിപക്ഷ പാർട്ടികൾക്ക് തുല്യ അവകാശം ഉറപ്പാക്കുക തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട കമ്മീഷന്‍റെ നിഷ്‌പക്ഷതയില്‍ ചോദ്യം ഉയർന്നിരിക്കുകയാണെന്ന് അതിഷി പത്ര സമ്മേളനത്തിൽ പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ 11.15 ന് തനിക്ക് കമ്മീഷൻ നോട്ടീസ് ഇമെയിൽ ലഭിച്ച അതേ മിനിട്ടില്‍ തന്നെയാണ് വാര്‍ത്ത ബ്രേക്ക് ചെയ്‌തതെന്നും അതിഷി പറഞ്ഞു. ഇതിനർത്ഥം നോട്ടീസ് വാർത്ത ആദ്യം മാധ്യമങ്ങൾക്ക് ബിജെപി നല്‍കിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത് എന്നാണ്. 'രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു- നിങ്ങൾ ബിജെപിയുടെ അനുബന്ധ സംഘടനയായി മാറിയോ?' അതിഷി ചോദിച്ചു.
അതേസമയം, നോട്ടീസിന് മറുപടി നൽകുമെന്നും രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കാണിക്കേണ്ട നിഷ്‌പക്ഷത തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമ്മപ്പെടുത്തുമെന്നും അതിഷി പറഞ്ഞു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്തമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്‌തമായിരിക്കുന്നത്. ഇപ്പോഴുള്ള മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും ടി എൻ ശേഷനെ പോലുള്ള മുൻഗാമികൾ ഉണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ ഉറ്റുനോക്കുകയും പ്രശംസിക്കുകയും ചെയ്‌ത ഒരു തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിങ്ങൾ നടത്തുന്നത്. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പിന്‍റെ നിഷ്‌പ ക്ഷതയെ കുറിച്ച് ഒരു ചോദ്യം പോലും ഉയരുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു. ബിജെപിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ തലകുനിക്കരുതെന്ന് കമ്മീഷനോട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ മത്സരങ്ങൾ അനുവദിച്ചില്ലെങ്കില്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തങ്ങളുടെ നീതികേടിന്‍റെ പേരില്‍ രാജ്യം 100 വർഷത്തേക്ക് ഓർത്തുവെക്കുമെന്നും അതിഷി പറഞ്ഞു.
പാർട്ടിയിൽ ചേരാൻ ബിജെപി സമീപിച്ചു എന്ന അതിഷിയുടെ ആരോപണം വസ്‌തുതകൾ സഹിതം തെളിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഏപ്രിൽ രണ്ടിന് അതിഷി നടത്തിയ പത്ര സമ്മേളനത്തിനെതിരെ വ്യാഴാഴ്‌ചയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏപ്രില്‍ നാലിന് ബി.ജെ.പി പരാതി നൽകുകയും മണിക്കൂറുകൾക്കകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് സമയത്ത്, പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ എന്തുകൊണ്ട് നോട്ടീസ് അയക്കുന്നില്ലെന്നും അതിഷി ചോദിച്ചു.
'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഒരു ദേശീയ പാർട്ടിയുടെ കൺവീനറും പ്രതിപക്ഷത്തിന്‍റെ പ്രമുഖ മുഖവുമായ സിറ്റിങ് മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്‌തപ്പോൾ ഇഡിക്ക് നോട്ടീസ് നൽകിയിരുന്നോ?' അതിഷി ചോദിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കാത്തത് എന്ത് കൊണ്ടാണെന്നും അതിഷി ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇഡി, സിബിഐ, ഐടി വകുപ്പുകളെ കേന്ദ്ര സർക്കാർ പരസ്യമായി ദുരുപയോഗം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു. ഡൽഹി പൊലീസ് നാല് ദിവസം എഎപി ഓഫീസ് സീൽ ചെയ്‌തതിലും, ബിജെപിയുടെ ആക്ഷേപകരമായ ഹോർഡിങ്ങുളും പോസ്‌റ്ററുകളും സംബന്ധിച്ച പരാതികളിലും കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിഷി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ വിരല്‍ ചൂണ്ടിയ അതിഷി, എല്ലാ പരിധികളും ലംഘിച്ചെന്നാണ് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചത്. അതിഷി നക്‌സലാണെന്നും സച്ച്ദേവ ആരോപിച്ചു. ടി എൻ ശേഷനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഓർമ്മിപ്പിക്കുന്നതിന് മുമ്പ്, മദൻ ലാൽ ഖുറാനയുടെ മാതൃക പിന്തുടരാന്‍ മുഖ്യമന്ത്രി കെജ്‌രിവാളിനോട് അതിഷി ആവശ്യപ്പെട്ടാൽ നന്നായിരുന്നു എന്നും സച്ച്ദേവ പറഞ്ഞു. 1996-ൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജിവെച്ച ബിജെപി മുഖ്യമന്ത്രിയാണ് ഖുറാന.