ബെംഗളുരു: രണ്ടായിരം രൂപയ്ക്ക് വേണ്ടി സുഹൃത്തിന്‍റെ സഹോദരിയെ കൊന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തൊന്‍പതുകാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് പിടികൂടിയത്.
പ്രബുദ്ധ എന്ന ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഈ മാസം പതിനഞ്ചിനാണ് ശുചിമുറിയില്‍ കണ്ടെത്തിയത്. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബൃന്ദാവന്‍ ലേഔട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും കയ്യിലും മുറിവേറ്റിരുന്നു. പെണ്‍കുട്ടിയുടെ അമ്മ സൗമ്യ കെ ആര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി വലയിലായത്.
മരിച്ച പ്രബുദ്ധയുടെ സഹോദരനും കുറ്റാരോപിതനായ കുട്ടിയും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഈ വീട്ടില്‍ വരികയും ചെയ്‌തിരുന്നു. കളിക്കിടെ ഇവരുടെ മറ്റൊരു സുഹൃത്തിന്‍റെ കണ്ണട പൊട്ടി. ഇത് ശരിയാക്കാന്‍ പണം ആവശ്യമായി വന്നു. ഇതോടെ അറസ്റ്റിലായ കുട്ടി പ്രബുദ്ധയുടെ വീട്ടിലെത്തുകയും അവരുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്‌ടിക്കുകയുമായിരുന്നു.
ഇതറിഞ്ഞ പ്രബുദ്ധ കുട്ടിയോട് പണം തിരികെ തരാന്‍ ആവശ്യപ്പെട്ടു. ഈ മാസം പതിനഞ്ചിന് ഉച്ചകഴിഞ്ഞ് പ്രബുദ്ധ മാത്രം ഉള്ളപ്പോള്‍ ഇവരുടെ വീട്ടിലെത്തിയ പ്രതി പണം മോഷ്‌ടിച്ചതിന് ഇവരുടെ കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞു. ഇതിനിടെ നിലത്ത് വീണ യുവതി ബോധരഹിതയായി. ആ സമയം കഴുത്തിലും കയ്യിലും വെട്ടി ഇവരെ കൊല്ലുകയായിരുന്നു. പിന്നീട് ഇയാല്‍ ടെറസിലൂടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ച ശേഷം പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടി സംശയാസ്പദമായ രീതിയില്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Also Read: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി നിനോ മാത്യൂവിന് വധശിക്ഷയിൽ ഇളവ്