ഹൈദരാബാദ്: വിവോ X200 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ X200, വിവോ X200 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. മീഡിയാടെക് ഡയമെൻസിറ്റി 9400, വിവോ വി3 പ്ലസ് എന്നീ ഡ്യുവൽ ഫ്ലാഗ്‌ഷിപ്പ് ചിപ്പുമായെത്തുന്ന ഫോൺ മികച്ച പെർഫോമൻസ് കാഴ്‌ചവെയ്‌ക്കുമെന്നാണ് വിവോ അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ആദ്യത്തെ 6000mAh സെമി സോളിഡ് ബാറ്ററിയിൽ വരുന്ന ഫോണാണ് വിവോ X200 പ്രോ. അതിവേഗ ചാർജിങിനുള്ള ഫ്ലാഷ് ചാർജിങ് ഫീച്ചറും ഫോണിലുണ്ട്. 90W വയർലെസ് ചാർജിങും 30W വയേർഡ് ചാർജിങുമാണ് വിവോ X200 സീരീസ് പിന്തുണയ്‌ക്കുന്നത്. കൂടാതെ അധികഠിന തണുപ്പിനെ (-20 ഡിഗ്രി സെൽഷ്യസ് വരെ) പ്രതിരോധിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയിട്ടുള്ള ഫൺടച്ച് ഒഎസ് 15 ആണ് ഫോണിൽ നൽകിയിരിക്കുന്നത്. വിവോ ലൈവ് കോൾ ട്രാൻസ്‌ലേഷൻ, എഐ ട്രാൻസ്‌ക്രിപ്‌റ്റ് അസിസ്റ്റ്, എഐ നോട്ട് അസിസ്റ്റ് തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിലുണ്ടാകും. ZEISS കമ്പനിയുമായി സഹകരിച്ചാണ് വിവോ ഇമേജിങ് ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.
ഡിസ്‌പ്ലേ പരിശോധിക്കുമ്പോൾ, ZEISSന്‍റെ മാസ്റ്റർ കളർ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ക്വാഡ് കർവ് ഡിസ്‌പ്ലേയിലുള്ള ഫോൺ മികച്ച ഡിസൈനിൽ പ്രീമിയം ലുക്കിലാണ് അവതരിപ്പിച്ചത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിങാണ് വിവോ X200 സീരീസ് ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത്.
വിവോ X200 പ്രോ മോഡൽ ടൈറ്റാനിയം ഗ്രേ, കോസ്‌മോസ് ബ്ലാക്ക് എന്നീ കളർ ഓപ്‌ഷനിലാണ് ലഭ്യമാവുക. 16 ജിബി വരെ റാമും 512 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജും ലഭിക്കും. കൂടാതെ റാം കപ്പാസിറ്റി 16 ജിബി വരെ വർധിപ്പിക്കാനും കഴിയും. വിവോ X200 പ്രോയുടെ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 94,999 രൂപയാണ് വില.
വിവോ X200ന്‍റെ 12 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 65,999 രൂപയും 16 ജിബി റാമും 512 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 71,999 രൂപയുമാണ്. നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക് എന്നീ കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും.
വിവോ X200 ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 6.67 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ
- ക്യാമറ: ട്രിപ്പിൾ ക്യാമറ സജ്ജീകരണം (IMX921 50 എംപി സോണി ക്യാമറ+ 50 എംപി വൈഡ് ആങ്കിൾ ക്യാമറ+ 3x ഒപ്‌റ്റിക്കൽ സൂമോടുകൂടിയ 50 എംപി സോണി ടെലിഫോട്ടോ ക്യാമറ+ 32 എംപി ഫ്രണ്ട് ക്യാമറ)
- സ്റ്റോറേജ്: 12 ജിബി റാം 256 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 16 ജിബി റാം 512 ജിബി ഇന്‍റേണൽ സ്റ്റോറേജ്
- ബാറ്ററി കപ്പാസിറ്റി: 5800mAh
- കളർ ഓപ്‌ഷൻ: നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക്
വിവോ X200 പ്രോ ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 6.78 ഇഞ്ച് 1.5K AMOLED
- ക്യാമറ: ട്രിപ്പിൾ ക്യാമറ സജ്ജീകരണം (3.7x ഒപ്‌റ്റിക്കൽ സൂമോടുകൂടിയ 200 എംപി HP9 സെൻസർ+ 50 എംപി സോണി സെൻസർ+ 50 എംപി വൈഡ് ആങ്കിൾ ക്യാമറ+ 32 എംപി ഫ്രണ്ട് ക്യാമറ)
- സ്റ്റോറേജ്: 16 ജിബി റാം 512 ജിബി സ്റ്റോറേജ്
- ബാറ്ററി കപ്പാസിറ്റി: 6000mAh
- കളർ ഓപ്‌ഷൻ: ടൈറ്റാനിയം ഗ്രേ, കോസ്‌മോസ് ബ്ലാക്ക്