ഹൈദരാബാദ്: ഉത്സവ സീസൺ കണക്കിലെടുത്ത് പ്രമുഖ കാർ നിർമാതാക്കൾ അവരുടെ കാറുകളുടെ പ്രത്യേക എഡിഷൻ പുറത്തിറക്കി വരുകയാണ്. ഇപ്പോൾ ടൊയോട്ടയും ഈ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. ടൊയോട്ട ഹൈറൈഡറിൻ്റെ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും മാറ്റങ്ങൾ വരുത്തിയ ടൊയോട്ട ഹൈറൈഡർ കോംപ്ലിമെൻ്ററി ആക്‌സസറി പാക്കേജിനൊപ്പമാണ് പുറത്തിറക്കുന്നത്. മിഡ്-സ്പെക്ക് G, ടോപ്പ്-സ്പെക്ക് V എന്നീ വേരിയന്‍റുകളിലാണ് ടൊയോട്ട ഹൈറൈഡർ ലഭ്യമാവുക. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിൽ ഒന്നാണ് ടൊയോട്ട ഹൈറൈഡർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലും സ്‌ട്രോങ് ഹൈബ്രിഡ് ഓപ്ഷനുകളിലും ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ ലഭ്യമാവും. 12V ഹൈബ്രിഡ് സംവിധാനമുള്ള, 102 bhp പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മൈൽഡ്-ഹൈബ്രിഡിൽ ലഭ്യമാവുക. 5-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാണ്. മാനുവൽ ഗിയർബോക്‌സിനൊപ്പം AWD (ആൾ വീൽ ഡ്രൈവ്) ഓപ്ഷനും ലഭ്യമാകും.
സ്‌ട്രോങ് ഹൈറൈഡർ ഹൈബ്രിഡ് ഓപ്ഷനിൽ 91 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 79 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും വരുന്നു. രണ്ടും ചേർന്ന് 115 bhp കരുത്ത് നൽകുന്നു. മാനുവൽ ഗിയർബോക്‌സിൽ മണിക്കൂറിൽ 21.12 കിലോ മീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ 20.58 കിലോ മീറ്ററും ആണ് പെട്രോൾ എഞ്ചിന് ലഭിക്കുന്ന മൈലേജ്. ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARI) ടൊയോട്ട ഹൈറൈഡറിന്‍റെ ഫ്യുവൽ എഫിഷ്യൻസിക്ക് നൽകിയ റേറ്റിങ് 27.97kpl ആണ്.
കോംപ്ലിമെൻ്ററി ആക്‌സസറി പാക്കേജിൽ എന്തൊക്കെ ലഭ്യമാവും?
50,817 രൂപ വരെ വിലയുള്ള കോംപ്ലിമെൻ്ററി ആക്‌സസറികളാണ് ലിമിറ്റഡ് എഡിഷൻ മോഡലിലെ പാക്കേജിൽ നൽകിയിരിക്കുന്നത്. മിഡ്-സ്പെക്ക് ജി, ടോപ്പ്-സ്പെക്ക് വി വേരിയൻ്റുകളെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട 13 ഒറിജിനൽ ആക്‌സസറികളാണ് കോംപ്ലിമെൻ്ററി ആക്‌സസറി പാക്കേജിൽ ലഭ്യമാവുക. എക്‌സ്റ്റീരിയർ ആക്‌സസറികളിൽ മഡ് ഫ്ലാപ്പ്, ഡോർ വിസർ, ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളിലേക്കായി ക്രോം ഗാർണിഷ്, ഹെഡ്‌ലൈറ്റുകൾ, ലോഗോ, ബോഡി ക്ലാഡിംഗ്, ഫെൻഡറുകൾ, ബൂട്ട്, ഡോർ ഹാൻഡിലുകൾ എന്നിവയാണ് പാക്കേജിൽ ലഭ്യമാവുക. ഓൾ-വെതർ 3D ഫ്ലോർ മാറ്റുകൾ, ലെഗ് ഏരിയയ്ക്കുള്ള ലൈറ്റുകൾ, ഡാഷ് ക്യാം എന്നിവയാണ് പാക്കേജിൽ ലഭ്യമാവുന്ന ഇൻ്റീരിയർ ആക്‌സസറികൾ.
ടൊയോട്ട ഹൈറൈഡർ ലിമിറ്റഡ് എഡിഷന്‍റെ വില: 14.49 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് വില വരുന്നത്.