ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സ്‌കോഡ കൈലാഖിൻ്റെ എല്ലാ വേരിയൻ്റുകളുടെയും വില വെളിപ്പെടുത്തിയതിന് പിന്നാലെ ക്രാഷ് ടെസ്റ്റ് നടത്താനൊരുങ്ങി സ്‌കോഡ ഓട്ടോ ഇന്ത്യ. തങ്ങളുടെ സബ് കോംപാക്റ്റ് എസ്‌യുവിക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിങ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഭാരത് എൻസിഎപിയുടെ (ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാം) നടത്താനൊരുങ്ങുന്നത്.
സ്കോഡയുടെ നിലവിലെ ഇന്ത്യ 2.0 അധിഷ്‌ഠിത മോഡലുകളായ കുഷാക്ക്, സ്ലാവിയ എന്നീ മോഡലുകൾ ഗ്ലോബൽ എൻസിഎപിയുടെ 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. എന്നാൽ സ്കോഡ കൈലാഖിന്‍റെ ക്രാഷ് ടെസ്റ്റ് ഭാരത് എൻസിഎപിയുടേത് ആയതിനാൽ തന്നെ ഇവയിൽ നിന്നും വ്യത്യസ്‌തമായിരിക്കും. രാജ്യത്ത് സുരക്ഷിതമായ വാഹനങ്ങളുടെ നിര്‍മാണം ഉറപ്പാക്കുന്നതിനായാണ് ഭാരത് എൻസിഎപി ആരംഭിച്ചത്.
കൈലാഖിന് ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിങ് നടത്തുമെന്നും 2025 ഫെബ്രുവരിയോടെ ഫലം പ്രഖ്യാപിക്കുമെന്നും വിവിധ വേരിയന്‍റുകളുടെ വില വെളിപ്പെടുത്തിയതിന് പിന്നാലെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്‌ടർ പീറ്റർ ജെനെബ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഫീച്ചറുകളും സ്കോഡ കൈലാഖിൽ നൽകിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, അഞ്ച് പേർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഈ സബ്കോംപാക്റ്റ് എസ്‌യുവിക്ക് നൽകിയിട്ടുണ്ട്.
സ്‌കോഡ കുഷാക്കും സ്ലാവിയയും ഇതുവരെ ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല. 2023ലാണ് സ്കോഡ സ്ലാവിയയും കുഷാക്കും 5 സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷ റേറ്റിങ് നേടിയത്. രണ്ട് മോഡലുകളിലും ഡുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമേ സ്റ്റാൻഡേർഡായി നൽകിയിട്ടുള്ളൂ. രണ്ട് മോഡലുകളുടെയും എല്ലാ വേരിയന്‍റുകളും ആറ് എയർബാഗുകളായി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.
കമ്പനിയുടെ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കൈലാഖ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ക്രാഷ് ടെസ്റ്റുകളിൽ മികച്ച സ്‌കോർ നേടാനാകുമെന്നാണ് സ്‌കോഡ പ്രതീക്ഷിക്കുന്നത്. സബ് കോംപാക്‌ട് സെഗ്‌മെൻ്റിലേക്കുള്ള സ്‌കോഡയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന കൈലാഖ് ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവി കൂടിയാണ്.
സ്‌കോഡയുടെ നിലവിലുള്ള 1.0-ലിറ്റർ TSI ടർബോ-പെട്രോൾ എഞ്ചിനാണ് കൈലാഖിലും നിലനിർത്തിയിരിക്കുന്നത്. സ്കോഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ നിരവധി കാറുകൾക്ക് കരുത്ത് പകരുന്നത് ഇത് എഞ്ചിനാണ്. 6-സ്‌പീഡ് മാനുവൽ/ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് സ്‌കോഡ കൈലാഖിൻ്റെ വിവിധ വേരിയന്‍റുകളുടെ വില. വാഹനത്തിന്‍റെ ബുക്കിങ് ഡിസംബർ 2ന് ആരംഭിച്ചിട്ടുണ്ട്.