ഹൈദരാബാദ്: സാംസങ് ഗാലക്‌സി സ്‌മാർട്ട് റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു. തങ്ങളുടെ ആദ്യത്തെ സ്‌മാർട്ട് റിങായ ഗാലക്‌സി റിങിന്‍റെ വില 38,999 രൂപയാണെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, മറ്റ് ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റ് വഴിയും, തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ലഭ്യമാകും. ഹെൽത്ത് മോണിറ്ററിങ് സംവിധാനത്തോടെ വരുന്ന സാംസങ് റിങിന്‍റെ കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.
ആരോഗ്യത്തിനും ഫിറ്റ്‌നെസിനും പ്രാധാന്യം നൽകുന്ന ഫീച്ചറുകളോടെയാണ് സാംസങ് റിങ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആരോഗ്യ നിരീക്ഷണത്തിനായി ഗാലക്‌സി സ്‌മാർട്ട് റിങിൽ സെൻസറുകൾ നൽകിയിട്ടുണ്ട്. എഐ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഈ സ്‌മാർട്ട് റിങ് ഉപയോക്താവിന്‍റെ ജീവിത ശൈലിയെയും ആരോഗ്യത്തെയും നിരീക്ഷിച്ചു കൊണ്ടിരിക്കും.
സ്ലീപ്പ് അനാലിസിസ് ഫീച്ചർ:
സ്‌മാർട്ട് റിങിലെ സ്ലീപ്പ് അനാലിസിസ് ഫീച്ചർ വഴി ഉപയോക്താക്കളുടെ വൈകിയുള്ള ഉറക്കം, ഉറക്കത്തിനിടയിലെ ചലനം, ശ്വസന നിരക്ക്, ഹൃദയമിടിപ്പ്, കൂർക്കംവലി എന്നിവ നിരീക്ഷിക്കപ്പെടും. ഈ പ്രവർത്തനങ്ങൾ വിലയിരുത്തി അതിനനുസരിച്ചുള്ള വ്യായാമങ്ങൾ ഈ സ്‌മാർട്ട് റിങ് നിർദേശിക്കും. ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതിലൂടെ ഏഴ് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് പറയുന്നത്. ചാർജിങ് കേസും ഡാറ്റ കേബിളും സ്‌മാർട്ട് റിങിനൊപ്പം ലഭ്യമാകും.
വളരെ ഭാരം കുറഞ്ഞ ഈ സ്‌മാർട്ട് റിങിന്‍റെ ഏറ്റവും വലിപ്പമുള്ള മോഡലിന്‍റെ ഭാരം വെറും 2.3 ഗ്രാം മാത്രമാണ്. വീതി 7 മില്ലി മീറ്റർ ആണ്. ഏറ്റവും വലിപ്പമുള്ള റിങിന്‍റെ ഭാരം 3 ഗ്രാം മാത്രമാണ്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന (ഡസ്റ്റ് റസിസ്റ്റന്‍റ് & വാട്ടർ പ്രൂഫ്) IP68 റേറ്റിങ് സാംസങ് റിങിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 10ATM വാട്ടർ റെസിസ്റ്റൻ്റ് കപ്പാസിറ്റി ഉള്ളതിനാൽ തന്നെ സാംസങ് വിരലിൽ ഇട്ടുകൊണ്ട് 100 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിൽ നീന്താനാകും.
ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് സാംസങ് റിങ് വിപണിയിൽ ലഭ്യമാകുക. 5 മുതൽ 13 വരെയുള്ള ഒമ്പത് വ്യത്യസ്‌ത വലിപ്പങ്ങളിൽ റിങ് ലഭ്യമാകും. സ്‌മാർട്ട് റിങ് വാങ്ങുന്നതിന് മുൻപ് ഏത് വലിപ്പമാണ് നിങ്ങളുടെ വിരലിന് അനുയോജ്യമായത് എന്നറിയാൻ സൈസിങ് കിറ്റ് ലഭിക്കും.
പ്രതിമാസം 1,625 രൂപയുടെ ഇഎംഐ സൗകര്യം:
രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌മാർട്ട് റിങ് ആണ് സാംസങിന്‍റേത്. 38,999 രൂപയുള്ള ഈ സ്‌മാർട്ട് റിങ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സാംസങ് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ പ്ലാൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 1,625 രൂപയ്‌ക്ക് ഇഎംഐ ലഭ്യമാകും. 2024 ഒക്ടോബർ 18ന് ഉള്ളിൽ റിങ് വാങ്ങുന്നവർക്ക് 25W ട്രാവൽ അഡാപ്റ്റർ സാംസങ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.