ഹൈദരാബാദ്: 2025 ജനുവരി 1 മുതൽ കാറുകൾക്ക് വില വർധിപ്പിക്കുമെന്ന് പ്രമുഖ കാർ നിർമാതാക്കൾ. ചരക്കുകളുടെയും നിർമാണത്തിന്‍റെയും ചെലവ് വർധിക്കുന്നത് കണക്കിലെടുത്താണ് വില വർധനവ്. ഹ്യുണ്ടായ്, മാരുതി സുസുക്കി, ഔഡി, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള പ്രമുഖ വാഹന നിർമാതാക്കളാണ് വില വർധിപ്പിക്കാനൊരുങ്ങുന്നത്. ഏതൊക്കെ കമ്പനികളാണ് വില വർധിപ്പിക്കാനൊരുങ്ങുന്നതെന്നും എത്ര ശതമാനം വില വർധിക്കുമെന്നും പരിശോധിക്കാം.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ:
കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ തങ്ങളുടെ എല്ലാ കാറുകൾക്കും 25,000 രൂപ വരെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടായ് വെന്യു, ക്രെറ്റ, എക്സ്റ്റർ തുടങ്ങിയ എസ്‌യുവികൾക്കൊപ്പം ഹ്യുണ്ടായ് ഓറ സെഡാൻ, ഗ്രാൻഡ് ഐ10 നിയോസ്, ഐ20 തുടങ്ങിയ ഹാച്ച്ബാക്കുകളും ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഈ മോഡലുകൾക്ക് അടുത്ത വർഷം മുതൽ വില വർധിക്കും.
നിസാൻ ഇന്ത്യ:
ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ അടുത്തിടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ നിസാൻ മാഗ്‌നൈറ്റിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. അതിൻ്റെ വില 2 ശതമാനം വില വർധിപ്പിക്കാൻ പോകുന്നതായാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നിസാന്‍റെ ഒരേയൊരു ഇന്ത്യൻ നിർമിത എസ്‌യുവിയാണ് മാഗ്‌നൈറ്റ്. ആഭ്യന്തര വിൽപ്പനയ്‌ക്കൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഒരു മോഡൽ കൂടിയാണ് നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്.
ഔഡി ഇന്ത്യ:
തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും വില 2025 ജനുവരി 1 മുതൽ 3 ശതമാനം വർധിപ്പിക്കാൻ പോകുന്നതായി ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യയും അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി ഉത്‌പാദിപ്പിച്ച ഔഡി എ4, എ6 സെഡാനുകളും ഓഡി ക്യൂ3, ക്യു3 സ്‌പോർട്ട്ബാക്ക്, ക്യു5, ക്യു7 എസ്‌യുവികളും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. കൂടാതെ ഇറക്കുമതി ചെയ്‌ത മോഡലുകളായ എ5 സ്‌പോർട്‌ബാക്കും, ക്യു8 എസ്‌യുവിയും, അതിന്‍റെ ഇലക്‌ട്രിക് ഡെറിവേറ്റീവുകളും, ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി തുടങ്ങിയവയും ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഈ മോഡലുകളുടെയും വില വർധിക്കും.
ബിഎംഡബ്ല്യു ഇന്ത്യ:
പുതുവർഷം മുതൽ ഇന്ത്യയിൽ കാറുകളുടെ വില 3 ശതമാനം വർധിപ്പിക്കാൻ പോകുന്നതായാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, 3 സീരീസ് ഗ്രാൻ ലിമോസിൻ, എം340ഐ, 5 സീരീസ് എൽഡബ്ല്യുബി, 7 സീരീസ്, എക്‌സ്1, എക്‌സ്3, എക്‌സ്5, എക്‌സ്7 എസ്‌യുവികൾ തുടങ്ങിയവയാണ് പ്രാദേശികമായി ഉത്‌പാദിപ്പിച്ച മോഡലുകൾ. ഇതുകൂടാതെ ഇറക്കുമതി ചെയ്‌ത മോഡലുകളായ ബിഎംഡബ്ല്യു i4, i5, i7 ഇലക്ട്രിക് കാറുകൾ, iX1, iX ഇലക്ട്രിക് എസ്‌യുവികൾ, Z4, M2 കൂപ്പെ, M4 കോമ്പറ്റീഷൻ, CS, M8, XM എന്നിവയും രാജ്യത്ത് വിൽക്കുന്നുണ്ട്. ഇവയുടെ വില അടുത്ത വർഷം മുതൽ വർധിക്കും.
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ:
വർഷാവസാനം തന്നെ ആദ്യമായി വില വർധനവ് പ്രഖ്യാപിച്ച കാർ നിർമ്മാതാവ് മെഴ്‌സിഡസ് ബെൻസാണ്. കമ്പനി തങ്ങളുടെ മോഡലുകളുടെ വില 3 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിഎൽസിയുടെ വില 2 ലക്ഷം രൂപ വർധിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഡിസംബർ 31ന് മുമ്പ് ബുക്ക് ചെയ്യുന്ന മോഡലുകൾക്ക് വില വർധനവ് ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.