ഹൈദരാബാദ്: സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിച്ച് ചൈനീസ് കമ്പനിയായ ഹുവായ്. ഇതോടെ ആൻഡ്രോയ്‌ഡുമായി വർഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ് കമ്പനി. ഹുവായ് നിർമിച്ച സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ എന്നിവയിൽ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാർമണി ഒഎസ് നെക്‌സ്റ്റ് പരീക്ഷിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ആൻഡ്രോയ്‌ഡ് ഓപ്പൺ സോഴ്‌സ് പ്രോജക്‌റ്റിൽ (AOSP) സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഹാർമണി ഒഎസ് നെക്‌സ്റ്റ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം നിലവിൽ ചൈനയിൽ മാത്രം ലഭ്യമാക്കാനാണ് ഹുവായ് പദ്ധതിയിടുന്നത്. ചൈനയിൽ ഹുവായ് പുറത്തിറക്കിയ ഉപകരണങ്ങളിൽ കിരിൻ, കുൻപെങ് എന്നീ ചിപ്പ്‌സെറ്റുകളിൽ പ്രവർത്തിക്കുന്നവയിൽ ഹാർമണി ഒഎസ് നെക്‌സ്റ്റ് ബീറ്റ ടെസ്റ്റിങ് ആരംഭിച്ചിട്ടുണ്ട്.
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നതിലൂടെ പുതിയ ഹോം, ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷൻ ഓപ്‌ഷനുകളും, വേഗതയേറിയ ആനിമേഷനുകളും കൂടുതൽ എഐ ഫീച്ചറുകളും ലഭ്യമാവും. കൂടാതെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആപ്പ് ലോഞ്ച് വേഗത വർധിക്കുമെന്നും ഹുവായ് അവകാശപ്പെടുന്നു. ഹാർമണി നെക്‌സ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിനായി ആപ്പുകളും വികസിപ്പിച്ചിട്ടുണ്ട്. പ്രധാന ചൈനീസ് ഷോപ്പിങ്, പേയ്‌മെൻ്റ്, സോഷ്യൽ മീഡിയ ആപ്പുകൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലും ലഭ്യമാകുമെന്നാണ് വിവരം.
പുതുതായി രൂപകൽപ്പന ചെയ്‌ത ഓപ്പറേറ്റിങ് സിസ്റ്റത്തിൽ 15,000 ലധികം ആപ്പുകൾ ഉണ്ടെന്നും കൂടുതൽ ആപ്പുകൾ ഇനിയും ലോഞ്ച് ചെയ്യുമെന്നും ഹുവായ്.
ഹാർമണി ഒഎസിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ:
സ്‌മാർട്ട്ഫോണുകൾ:
- ഹുവായ് മേറ്റ് 60
- ഹുവായ് മേറ്റ് 60 പ്രോ
- ഹുവായ് മേറ്റ് 60 പ്രോ പ്ലസ്
- ഹുവായ് മേറ്റ് 60 ആർഎസ് അൾട്ടിമേറ്റ് ഡിസൈൻ
- ഹുവായ് മേറ്റ് X5
- ഹുവായ് മേറ്റ് X5 ടിബറ്റ് പതിപ്പ്
- ഹുവായ് പുര 70
- ഹുവായ് പുര 70 പ്രോ
- ഹുവായ് പുര 70 പ്രോ പ്ലസ്
- ഹുവായ് പുര 70 അൾട്ര
- ഹുവായ് പോക്കറ്റ് 2
ടാബ്‌ലെറ്റുകൾ:
- ഹുവായ് മേറ്റ് പാഡ് പ്രോ 13.2 ഇഞ്ച്
- ഹുവായ് മേറ്റ് പാഡ് പ്രോ 13.2 ഇഞ്ച് ക്ലാസിക് പതിപ്പ്
- ഹുവായ് മേറ്റ് 60 പ്രോ പ്ലസ്
- ഹുവായ് മേറ്റ് പാഡ് പ്രോ 11 ഇഞ്ച് 2024
സ്‌മാർട്ട് വാച്ചുകൾ:
- ഹുവായ് വാച്ച് അൾട്ടിമേറ്റ്
- ഹുവായ് വാച്ച് അൾട്ടിമേറ്റ് ഡിസൈൻ
ഉപഭോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്‌ത ഫീച്ചറുകളുമായാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വന്നിരിക്കുന്നത്. കസ്റ്റമൈസ് ചെയ്‌ത ഹോം, ലോക്ക് സ്‌ക്രീനുകൾക്ക് പുറമെ ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസൃതം കണ്ടന്‍റുകളും സ്‌മാർട്ട് സേവനങ്ങളും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ലഭ്യമാകും. ഇതിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനും, സ്റ്റോറേജ് വർധിപ്പിക്കുന്നതിനുമുള്ള ഫീച്ചർ ഹാർമണി ഒഎസിൽ നൽകിയിട്ടുണ്ട്.