ഹൈദരാബാദ്: സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് നടത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റ അനുമതി. ഇതോടൊപ്പം ദേശീയപാത ടോൾ നിയമം പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച നിയമം അനുസരിച്ച് ജിഎൻഎസ്‌എസ്(ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾക്ക് ദേശീയ പാതയിൽ 20 കിലോ മീറ്റർ ദൂരം വരെ ടോൾ ഉണ്ടായിരിക്കില്ല.
ഇതിന് മുകളിൽ ദൂരം സഞ്ചരിച്ചാൽ യാത്ര ചെയ്‌ത മുഴുവൻ ദൂരത്തിനും ടോൾ ബാധകമായിരിക്കും. നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇളവ് ബാധകമായിരിക്കില്ല. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്), ഓൺ ബോർഡ് യൂണിറ്റുകൾ (ഒബിയു) എന്നിവ ഉപയോഗിച്ചാവും സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ്. നിലവിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് തുടരും.
പുതിയ നിയമം ഹ്രസ്വദൂര യാത്രകൾക്ക് ഉപകാരപ്പെടും. നിശ്ചിത പരിധിക്ക് ഒരു കിലോ മീറ്റർ അധികം സഞ്ചരിച്ചാൽ മുഴുവൻ സഞ്ചരിച്ച ദൂരത്തിന്‍റെയും ടോൾ തുക നൽകേണ്ടതായുണ്ട്. സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവിനായി നിലവിലെ ടോൾ പ്ലാസകളിൽ പ്രത്യേക ലെയ്‌ൻ സ്ഥാപിക്കും. ജിഎൻഎസ്‌എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾ ഇവിടെ പ്രവേശിച്ചാൽ ഇരട്ടിത്തുക പിഴയായി ഈടാക്കും.
സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ സംവിധാനം എന്ത്?
ടോൾ പിരിവിൻ്റെ കാര്യക്ഷമത വർധിപ്പിക്കാനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം. സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ സംവിധാനം നടപ്പാകുന്നതോടെ ഡ്രൈവർമാർ ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. ക്യൂ നിൽക്കാതെ തന്നെ വാഹനം ഓടിക്കൊണ്ടിരിക്കെ അക്കൗണ്ടിൽ നിന്നും പണം സ്വയമേവ ഡെബിറ്റാവും.
കാറിലെ സാറ്റലൈറ്റ് ഉപകരണത്തിലെ ഓൺ ബോർഡ് യൂണിറ്റിലെ ട്രാക്കിങ് സംവിധാനം വഴിയാവും നിങ്ങളുടെ വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കുന്നതും, അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റാവുന്നതും. ഫാസ്‌ടാഗിലെ പോലെ റീച്ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും. സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം ഫാസ്‌ടാഗിനെക്കാൾ വളരെ വേഗത്തിലായിരിക്കും.
ഫാസ്റ്റ് ടാഗ് സംവിധാനവും സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവും:
റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ടെക്‌നോളജിയിലാണ് ഫാസ്റ്റ് ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് സാധാരണ ടോൾ പ്ലാസകളിലെ പണപ്പിരിവിനേക്കാൾ വേഗത്തിൽ പണം പിരിക്കാൻ സഹായിക്കുമെന്നാൽ പോലും ടോൾ ബൂത്തുകളിൽ വാഹനങ്ങൾക്ക് നിർത്തേണ്ടി വരുന്നു. ഇത് തിരക്കുള്ള സമയങ്ങളിൽ വലിയ ക്യൂ ഉണ്ടാക്കുന്നു. വേഗത്തിലുള്ള ടോൾ പേയ്‌മെൻ്റുകൾക്കായി ഉപയോക്താക്കൾക്ക് പ്രീ-പെയ്‌ഡ് ബാലൻസ് നിലനിർത്തേണ്ടതായും വരുന്നു.
അതേസമയം സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം വഴി വാഹനങ്ങളുടെ ലൊക്കേഷനുകൾ ട്രാക്ക് ചെയ്യാനും യാത്ര ചെയ്‌ത ദൂരത്തെ അടിസ്ഥാനമാക്കി ടോൾ കണക്കാക്കാനും സാധിക്കും. പുതിയ സംവിധാനം വരുന്നത് വഴി ഫിസിക്കൽ ടോൾ ബൂത്തുകളുടെ ആവശ്യകത തന്നെ ഇല്ലാതാകും. വാഹനങ്ങൾ നിർത്താതെ തടസമില്ലാത്ത രീതിയിൽ യാത്ര നടത്താനുമാകും.
ടോൾ സൗജന്യം ആർക്കൊക്കെ?
ഹൈവേയിലോ എക്‌സ്പ്രസ് വേയിലോ ടണലോ പാലത്തിലോ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ 20 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക് ടോൾ പിരിവ് ഉണ്ടാകില്ല. 20 കിലോമീറ്ററിൽ കൂടുതലുള്ള യാത്രയാണെങ്കിൽ സഞ്ചരിച്ച അത്രയും ദൂരത്തിന് പണം നൽകണം. നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇളവ് ബാധകമായിരിക്കില്ല. ഫാസ്‌ടാഗ് ബ്ലോക്ക് ചെയ്‌തിരിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്‌താൽ ഇരട്ടി ടോൾ അടയ്‌ക്കുന്നത് പോലെ സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനത്തിലും സമാനമായ നിയമമുണ്ടായിരിക്കും.
Also Read: സ്വന്തമായി ഒരു കാർ വേണ്ടേ? അഞ്ച് ലക്ഷത്തിൽ താഴെ വരുന്ന നാല് മികച്ച കാറുകൾ ഇതാ...