ഹൈദരാബാദ്: ഇന്ത്യൻ റെയിൽവേ മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ട്രെയിൻ ഓടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രയൽ റൺ നടത്തുന്നതോടെ ചൈന, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
നിലവിലുള്ള ഡിഇഎംയു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഘടിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനിന്‍റെ ട്രയൽറൺ ഡിസംബറിൽ നോർത്തേൺ റെയിൽവേ സോണിന് കീഴിൽ വരുന്ന ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിൽ നടത്തും.
പരീക്ഷണം വിജകരമായി പൂർത്തിയാക്കിയാൽ ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പ്രോഗ്രാമിന് കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി അനുവദിക്കും. കാർബൺ ബഹിർഗമനം ലക്ഷ്യമിട്ടാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ കൊണ്ടുവരുന്നത്. നിലവിൽ ചെന്നെയിലെ പെരമ്പൂരിലെ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ ഹൈഡ്രജൻ ട്രെയിനിന്‍റെ മോഡൽ കോച്ചുകളുടെ നിർമ്മാണം നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഹൈഡ്രജൻ ഇന്ധനത്തിന്‍റെ പ്രയോജനം എന്ത്?
ഹൈഡ്രജൻ ഒരു ശുദ്ധമായ ഇന്ധനമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ മറ്റ് ഇന്ധനങ്ങൾ പുക പുറന്തള്ളുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വെള്ളം മാത്രമാണ് പുറത്തുവിടുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം, ബയോമാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. ഗാർഹിക വിഭവങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഊർജത്തിൽ നിന്നും വരെ ഹൈഡ്രജൻ ഉത്പാദിപ്പിക്കാമെന്നതിനാൽ, ഇന്ധനത്തിന്‍റെ ലഭ്യതയിൽ ക്ഷാമമുണ്ടാകില്ല.
ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല, ഹൈട്രജൻ ഇന്ധനം വരുന്നതോടെ ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.
ഡിസംബറിൽ നടത്തുന്ന പരീക്ഷണ ഓട്ടത്തിന് ആവശ്യമായ ഹൈഡ്രജൻ ഇന്ധനം ഗ്രീൻഎച്ച് ഇന്ത്യ എന്ന സ്റ്റാർട്ടപ്പ് കമ്പനി വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയിലൂടെ ഓരോ ട്രെയിനിനും 80 കോടി രൂപ വീതവും വിവിധ പൈതൃക, മലയോര റൂട്ടുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.
Thrilled to share that we unveiled our first 1 MW PEM electrolyser in Haryana. The electrolyser will produce approximately 430 kgs of hydrogen daily to fuel India’s first hydrogen train of the Indian Railways. This story in @ETEnergyWorld has more: https://t.co/2aHJuE8FTo pic.twitter.com/MZLH8p3syP
— GreenH (@GreenHIndia) October 2, 2024
ഹൈഡ്രജൻ പ്ലാൻ്റിന് അനുമതി:
ഹൈഡ്രജൻ പ്ലാൻ്റ് നിർമിക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്‌ക്ക് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഇന്ധന സുരക്ഷയുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ ടിയുവി-എസ്‌യുഡി ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. പദ്ധതി വിജയിച്ചാൽ ഹരിത ഇന്ധനത്തിലേക്ക് ഇന്ത്യ മാറും.
Also Read: ഇനി ടെർമിനലുകളിലേക്കുള്ള യാത്ര ഈസിയാകും: ഡൽഹി വിമാനത്താവളത്തിൽ എയർ ട്രെയിൻ വരുന്നു