ന്യൂഡൽഹി: ഇന്ത്യയിൽ നാല് റീട്ടെയിൽ സ്റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയിടുന്നതായി ആപ്പിൾ. ബെംഗളൂരു, പൂനെ, ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ തുറക്കാനൊരുങ്ങുന്നത്. ആപ്പിളിന്‍റെ പുതിയ ഐഫോൺ 16 സീരിസ് ഇന്ത്യയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് നാല് റീട്ടെയിൽ സ്റ്റോറുകൾ കൂടെ തുറക്കാൻ പദ്ധതിയിടുന്നത്.
ഇന്ത്യയിൽ നിലവിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഉള്ളത് ഡൽഹിയിലും മുംബൈയിലുമാണ്. 2023 ഏപ്രിലിലാണ് ആപ്പിൾ ഇന്ത്യയിൽ ആദ്യമായി റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നത്. ഇപ്പോൾ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം ഇനിയും ഉയർത്താനുള്ള തീരുമാനത്തിലാണ് ആപ്പിൾ. ഇന്ത്യയിൽ ഐഫോൺ ഉപഭോക്താക്കൾ കൂടുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
കൂടാതെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ഇന്ത്യക്കാർക്കും, മറ്റ് ചില രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഉടൻ ആരംഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. 2017ലാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ചത്. നിലവിൽ 3,000 ത്തിലധികം ജീവനക്കാരുമായാണ് ഇന്ത്യയിലെ ഐഫോൺ നിർമാണം മുന്നോട്ടുപോകുന്നത്.
"രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കായി കൂടുതൽ സ്റ്റോറുകൾ തുറക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാരണം അവരുടെ ആവശ്യങ്ങൾ ഞങ്ങൾ മനസിലാക്കുന്നു. ആപ്പിളിന്‍റെ ഉത്‌പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അറിയണമെങ്കിൽ ഞങ്ങളുടെ ടീമുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്." ആപ്പിളിൻ്റെ സീനിയർ വൈസ് ഡെയ്‌ഡ്രെ ഒബ്രിയൻ പറഞ്ഞു.
ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി ആപ്പിൾ ഉൾപ്പെടെ നിരവധി നിർമ്മാതാക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്.
Also Read: ബമ്പർ വിൽപ്പനയുമായി മാരുതി സുസുക്കി: സെപ്‌റ്റംബറിൽ വിറ്റത് ഒന്നര ലക്ഷത്തിലധികം കാറുകൾ