എംഡിഎംഎ കേസില്‍ എക്‌സൈസ് ജാമ്യത്തില്‍ വിട്ട യുവാവ് മരിച്ച സംഭവം : അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - idukki news updates
🎬 Watch Now: Feature Video
ഇടുക്കി : അഞ്ചുരുളിയില്‍ എംഡിഎംഎ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കല്ല്‌കുന്ന് സ്വദേശിയായ വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ അഞ്ചുരുളി തടാകത്തിലാണ് ജോമാര്‍ട്ടിന്‍റെ ജഡം കണ്ടെത്തിയത്.
ചൊവ്വാഴ്‌ചയാണ് 150 മില്ലി ഗ്രാം എംഡിഎംഎയുമായി ജോമാര്‍ട്ടിനെ എക്‌സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ച ജോമാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ പോയി. പിന്നീട് മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു.
അഞ്ചുരുളി തടാകത്തിന് സമീപം ജോമാര്‍ട്ടിന്‍റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ അവസാനിപ്പിച്ചു. തുടര്‍ന്ന് വ്യാഴാഴ്‌ചയോടെ അഗ്‌നി ശമന സേനയും സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.