മഴയാണ് ശ്രദ്ധ വേണം, വെള്ളച്ചാട്ടം കാണുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടു; ദൃശ്യം പകര്‍ത്തി സുഹൃത്ത് - കര്‍ണാടക
🎬 Watch Now: Feature Video
ഉടുപ്പി: വെള്ളച്ചാടം ആസ്വദിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ കൊല്ലൂരിന് സമീപമുള്ള അരശിനഗുഡി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവാണ് ഒഴുക്കില്‍പ്പെട്ടത്. യുവാവ് ഒഴുക്കില്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ശിവമോംഗ ജില്ലയിലെ ഭദ്രാവതിയിലുള്ള ശരത് കുമാറാണ് (23) അപകടത്തില്‍പ്പെട്ടത്.
വെള്ളച്ചാട്ടം കാണാന്‍ കൊല്ലൂരിലേയ്‌ക്ക് എത്തിയതായിരുന്നു ശരത് കുമാര്‍. ഈ സമയം വെള്ളച്ചാട്ടം ആസ്വദിച്ച് ശരത് കുമാര്‍ ഒരു പാറയിലായിരുന്നു നിന്നിരുന്നത്. ശരത് കുമാര്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം, ഇയാള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടു. അപകടത്തിന്‍റെ വിവരം ലഭിച്ചയുടന്‍ അഗ്നിരക്ഷ സേന സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. വിവരമറിഞ്ഞ കൊല്ലൂര്‍ എസ് ഐ ജയലക്ഷ്‌മിയും സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. യുവാവിന്‍റെ തിരോഥാനത്തെ തുടര്‍ന്ന് കൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതേസമയം, ഈ മാസം അഞ്ചാം തീയതി നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമായിരുന്നു കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്‌ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. മറ്റ് രണ്ട് പേരെ കണ്ടെത്തിയിട്ടില്ല. കുടുംബത്തിന്‍റെ ആത്മഹത്യ ശ്രമമെന്നാണ് സംശയം.