യുവതിയെ അപാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് ഗുരുതരാവസ്ഥയില്‍, അന്വേഷണമാരംഭിച്ച് പൊലീസ് - വാട്ടർ അതോറിറ്റി
🎬 Watch Now: Feature Video
എറണാകുളം: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്‌ണവിയെയാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കൈ ഞരമ്പ് മുറിച്ച നിലയില്‍ തന്നെ കണ്ടെത്തിയ സുഹൃത്തും ഇടുക്കി സ്വദേശിയുമായ ജേക്കബ് അലക്‌സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ഇങ്ങനെ: ഇരുവരും കൊച്ചിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. വൈഷ്‌ണവിയും ജേക്കബ് അലക്‌സും 19 ദിവസം മുൻപാണ് ഈ അപ്പാർട്ട്മെന്‍റിലെത്തിയത്. വെള്ളിയാഴ്‌ച രാവിലെ മീറ്റർ റീഡിങ് രേഖപ്പടുത്താനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനാണ് ചെമ്പ് മുക്കിലെ അപ്പാർട്ട്‌മെന്‍റില്‍ നിന്നും കരച്ചിൽ കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈഷ്‌ണവിയേയും ജേക്കബ് അലക്‌സിനെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈഷ്‌ണവി മരിച്ചിരുന്നു.
അന്വേഷണവുമായി പൊലീസ്: അതേസമയം സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാശ്രമം നടത്തിയ ജേക്കബ് അലക്‌സിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജേക്കബ് അലക്‌സിനെ ചോദ്യം ചെയ്‌താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821