ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടം; ആനകളെ കാടുകയറ്റാനുള്ള ശ്രമത്തില്‍ വനം വകുപ്പ്

🎬 Watch Now: Feature Video

thumbnail

ഇടുക്കി: ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പിന്നാലെ രണ്ട് ഏലത്തോട്ടങ്ങളിലെ ജോലി നിർത്തിവച്ചു. കാട്ടാനക്കൂട്ടം ഏലത്തോട്ടങ്ങളിൽ തുടരുന്നതിനാൽ കർഷകർ വനം വകുപ്പിന്‍റെ സഹായം തേടിയിട്ടുണ്ട്. ഒരു കുട്ടിയാനയും ഒരു കൊമ്പനും മൂന്ന് പിടിയാനയും ചേർന്ന സംഘമാണ് ഏലത്തോട്ടത്തിനുള്ളിൽ തുടരുന്നത്.  

കേരള, തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനക്കൂട്ടത്തിന്‍റെ ശല്യമുള്ളത്. പ്രദേശത്തെ കർഷകർ വനം വകുപ്പ് ഓഫിസിലെത്തി പരാതി പറഞ്ഞതോടെ ആനക്കൂട്ടത്തെ കണ്ടെത്തി കാട് കയറ്റാനുള്ള ശ്രമങ്ങളും വനം വകുപ്പ് ആരംഭിച്ചു. ഉടുമ്പൻചോല ഫോറസ്റ്റർ പി എൻ മണി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീകുമാർ, നിഷാന്ത് ശശി എന്നിവരടങ്ങിയ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.  

തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ഏലത്തോട്ടത്തിനുള്ളിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ ഈ മേഖലയിലെ ഏലത്തോട്ടങ്ങളിലെ ജോലികളും പൂർണമായി നിർത്തിവച്ചു. ഏലക്ക വിളവെടുപ്പും എലം കവാത്ത് ജോലികളും നടക്കുന്നതിനിടെയാണ് ഏലത്തോട്ടങ്ങളിൽ ആനക്കൂട്ടത്തിന്‍റെ ശല്യമുണ്ടായത്. ഇതോടെ പ്രദേശത്തെ കർഷകരും ബുദ്ധിമുട്ടിലായി.  

കഴിഞ്ഞ ഒന്നരമാസമായി ഉടുമ്പൻചോല ചതുരംഗപ്പാറ, നമരി, കേണൽക്കാട് എന്നിവിടങ്ങളിൽ ആനക്കൂട്ടത്തിന്‍റെ ശല്യമുണ്ട്. ചതുരംഗപ്പാറ വ്യൂ പോയിന്‍റിന് സമീപമെത്തിയ ആനക്കൂട്ടം ഒരു ഷെഡ് തകർത്തിരുന്നു. ഏലത്തോട്ടങ്ങളിലെ ജലവിതരണ സംവിധാനവും തകർത്തു. പ്രദേശത്തെ കാട്ടാന ശല്യം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.