അരിക്കൊമ്പനെ തളയ്‌ക്കാൻ അരിതന്ത്രം, പക്ഷേ മൂന്നാറില്‍ 'പടയപ്പ' ഫ്രീയാണ്; ഇന്നലെയും ജനവാസ കേന്ദ്രത്തിലെത്തി - പടയപ്പ റോഡില്‍
🎬 Watch Now: Feature Video
ഇടുക്കി: ജനവാസ മേഖലയിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ തളയ്‌ക്കാനുള്ള പദ്ധതികളുമായി വനം വകുപ്പ് മുന്നോട്ട് പോകുമ്പോഴും മൂന്നാറിന്‍റെ ഉറക്കം കൊടുത്തി പടയപ്പയെന്ന കാട്ടുകൊമ്പന്‍. രാജമലക്ക് സമീപം അഞ്ചാം മൈലില്‍ കഴിഞ്ഞ ദിവസം രാത്രിയെത്തിയ പടയപ്പ നാട്ടുകാരില്‍ ആശങ്ക പടര്‍ത്തി. രാത്രിയെത്തിയ പടയപ്പ പുലര്‍ച്ച വരെ മേഖലയില്‍ തമ്പടിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് നയമക്കാട് മേഖലയിലും പടയപ്പ റോഡിലിറങ്ങിയിരുന്നു. തീറ്റതേടി റോഡിലിറങ്ങുന്ന പടയപ്പ വാഹന യാത്രികരെ ഭീതിയിലാക്കുന്നുണ്ടെങ്കിലും ആരെയും ആക്രമിക്കാന്‍ തുനിയാറില്ലെന്നതാണ് ആശ്വാസം. വേനല്‍ കടുത്തതോടെ ഒട്ടുമിക്ക ദിവസങ്ങളിലും പടയപ്പ മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളില്‍ എത്താറുണ്ട്.
വനത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞതോടെ ജനവാസ കേന്ദ്രങ്ങളില്‍ തന്നെ കാട്ടുകൊമ്പന്‍ തമ്പടിച്ചിരിക്കുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂര്‍ത്ത വലിയ കൊമ്പുകളാണ് പടയപ്പയുടെ പ്രത്യേകത. പൊതുവെ ശാന്ത സ്വഭാവക്കാരനായ പടയപ്പ അപൂര്‍വ്വമായി മാത്രമെ ആക്രമണങ്ങള്‍ നടത്താറുള്ളൂ.
മൂന്നാര്‍ ഉടുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ രണ്ട് തവണ പടയപ്പ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും പടയപ്പയില്‍ സ്വഭാവ മാറ്റം ഉണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ക്കിടയില്‍ ഉണ്ട്.
also read: ദേശീയപാതയിൽ വണ്ടി തടഞ്ഞ് 'പടയപ്പ': റോഡിലെത്തുന്നത് വേനൽ കടുത്തതോടെ ഭക്ഷണം തേടി