മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; റേഷന്‍കടക്ക് നേരെ ആക്രമണം - പടയപ്പ മൂന്നാർ
🎬 Watch Now: Feature Video


Published : Jan 1, 2024, 6:23 PM IST
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ജനവാസ മേഖലയില്‍ എത്തിയ കാട്ടുകൊമ്പന്‍ റേഷന്‍കടക്ക് നേരെ ആക്രമണം നടത്തി. മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റിലാണ് കാട്ടുകൊമ്പന്‍ എത്തിയത്. ഇന്ന് (ജനുവരി 1) പുലര്‍ച്ചെയായിരുന്നു പ്രദേശത്ത് കാട്ടാന ഇറങ്ങിയത്. കടക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്. ഇത് ആദ്യമായാണ് പെരിയവാരെ എസ്റ്റേറ്റിലെ റേഷന്‍ കടക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കാട്ടാനയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മൂന്നാറിലെ ജനവാസ മേഖലയില്‍ രൂക്ഷമാണ്. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്ത് പടയപ്പ അരി ഭക്ഷിച്ചിരുന്നു. വേറെയും കാട്ടാനകള്‍ എസ്റ്റേറ്റ് മേഖലകളില്‍ ചുറ്റിത്തിരിയുന്നുണ്ട്. വന്യജീവി ശല്യം വര്‍ധിച്ചതോടെ പകല്‍ സമയങ്ങളില്‍ പോലും തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയാണുള്ളത്. വിഷയത്തില്‍ വനംവകുപ്പിന്‍റെ ഫലവത്തായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. അടിമാലി ഗ്രാമപഞ്ചായത്തിലെ ചാറ്റുപാറക്കുടിയിലും കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രത്തിന്‍റെ ഭാഗമായ ചില നിര്‍മാണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. വേനല്‍ കനക്കുന്നതോടെ കൂടുതല്‍ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് എത്തുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്.