കല്ലാറിലെ മാലിന്യ പ്ലാന്‍റിൽ നിലയുറപ്പിച്ച് പടയപ്പ; കാടുകയറ്റാൻ നടപടിയുമായി വനംവകുപ്പ് - wild elephant Padayappa at idukki

🎬 Watch Now: Feature Video

thumbnail

By

Published : May 18, 2023, 12:47 PM IST

ഇടുക്കി: മൂന്നാർ കല്ലാറിലെ നല്ലതണ്ണി മാലിന്യ പ്ലാന്‍റിൽ നിന്ന് പിൻവാങ്ങാതെ കാട്ടുകൊമ്പൻ പടയപ്പ. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. പ്ലാന്‍റിൽ നിന്നും വളരെ സുലഭമായി പച്ചക്കറി മാലിന്യങ്ങൾ ഭക്ഷിക്കാൻ ലഭിക്കുന്നതിനെ തുടർന്നാണ് പ്ലാന്‍റിൽ നിന്നും പിൻവാങ്ങാതെ പടയപ്പ ഈ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്നത്. 

പടയപ്പ പ്ലാന്‍റിൽ കയറാതിരിക്കാൻ പഞ്ചായത്ത് പ്ലാന്‍റിന് പുറത്തുള്ള പച്ചക്കറി മാലിന്യ നിക്ഷേപം കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. പ്ലാന്‍റിന്‍റെ കവാടത്തിൽ ഇരുമ്പ് വേലി സ്ഥാപിക്കുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ എത്തിയ പടയപ്പ പ്ലാന്‍റിന് പുറത്ത് പച്ചക്കറി മാലിന്യങ്ങൾ ഭക്ഷിക്കാൻ ലഭിക്കാത്തതിനെത്തുടർന്ന് കവാടത്തിന് പുറമേ സ്ഥാപിച്ച ഇരുമ്പ് വേലി തട്ടിമാറ്റി അകത്ത് കടക്കുകയായിരുന്നു.

തുടർന്ന് പച്ചക്കറി മാലിന്യങ്ങൾ കഴിച്ച് വയർ നിറച്ച ശേഷമാണ് മടങ്ങിയത്. പടയപ്പ വന്ന് കഴിക്കുന്ന പച്ചക്കറി മാലിന്യത്തിന് സമീപത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് വനംവകുപ്പ് പഞ്ചായത്തിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. പടയപ്പയെ കാടുകയറ്റാൻ വനംവകുപ്പ് നടപടി ആരംഭിച്ചതായും മൂന്നാർ റേഞ്ച് ഓഫിസർ അരുൺ മഹാരാജ പറഞ്ഞു.

കടുത്ത വേനലിനെ തുടർന്ന് കാട്ടിൽ ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് പടയപ്പ സുലഭമായി ഭക്ഷണം ലഭിക്കുന്ന പ്ലാന്‍റിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുന്നത്. പ്ലാന്‍റിൽ കയറാതിരിക്കാൻ അധികൃതർ നടപടി ആരംഭിക്കുമ്പോൾ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.