ന്യൂഡൽഹി: കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് കനത്ത പിഴ ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തുടനീളം കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വര്‍ധിക്കുകയും, വായു ഗുണനിലവാരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. മാലിന്യം അനാവശ്യമായി കത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്താന്‍ ശുചീകരണ തൊഴിലാളികളെ അധികാരപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്‌കരണ രീതികൾ മെച്ചപ്പെടുത്താനാണ് പുതിയ നടപടി കേന്ദ്രം ആവിഷ്‌കരിക്കുന്നത്. ഡിസംബർ 9-ന് പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2024-ന്‍റെ കരട് പ്രകാരം, കാർഷിക, ഹോർട്ടികൾച്ചർ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും അത്തരം പ്രവണതകള്‍ ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കുകയും വേണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കരട് രേഖയില്‍ ബന്ധപ്പെട്ടവരിൽ നിന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്ത വർഷം ഒക്‌ടോബർ ഒന്നിന് ചട്ടങ്ങൾ നിലവിൽ വരും. ശൈത്യ കാലത്ത് ഡൽഹി - എൻസിആർ മേഖലയിലെ വായുവിന്‍റെ ഗുണനിലവാരം താഴ്‌ന്ന സാഹചര്യത്തില്‍, വിളകളുടെ അവശിഷ്‌ടങ്ങൾ കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രം കഴിഞ്ഞ മാസം ഇരട്ടിയാക്കിയിരുന്നു.
രണ്ടേക്കറിൽ താഴെ ഭൂമിയുള്ള കർഷകർ 5000 രൂപ പാരിസ്ഥിതിക നഷ്‌ടപരിഹാരം ഒടുക്കേണ്ടി വരും. നേരത്തെ ഇത് 2500 രൂപ ആയിരുന്നു. രണ്ടേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവര്‍ ഇപ്പോള്‍ 5000 രൂപയ്ക്ക് പകരം 10,000 രൂപ പിഴ നല്‍കേണ്ടി വരും.
നെല്ല് - ഗോതമ്പ് വിള സമ്പ്രദായം, ദീർഘകാല നെല്ല് ഇനങ്ങളുടെ കൃഷി, കൃഷിയിടത്തിൽ തങ്ങിനിൽക്കുന്ന വിളകൾ, യന്ത്രവത്കൃത വിളവെടുപ്പ് മൂലമുണ്ടാകുന്ന മാലിന്യം, തൊഴിലാളി ക്ഷാമം എന്നിവയാണ് അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
ഉയര്‍ന്ന അളവില്‍ മാലിന്യം കത്തിക്കുമ്പോള്‍ ഡൽഹി - എൻസിആർ മേഖലയിലും പരിസര പ്രദേശങ്ങളിലും പിഎം ലെവലിന്‍റെ 30 ശതമാനം വരെ ഇതുമൂലം ഉണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഡ്രാഫ്റ്റ് നിയമങ്ങൾ പ്രകാരം മാലിന്യങ്ങളെ നാല് വ്യത്യസ്‌ത വിഭാഗങ്ങളായി വേർതിരിക്കണം: നനഞ്ഞ മാലിന്യങ്ങൾ, ഉണങ്ങിയ മാലിന്യങ്ങൾ, സാനിറ്ററി മാലിന്യങ്ങൾ (ഡയപ്പറുകളും സാനിറ്ററി നാപ്‌കിനുകളും പോലുള്ളവ), പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങൾ (അപകടകരമായ വസ്‌തുക്കൾ ഉൾപ്പെടെ).
2016 ലെ നിയമങ്ങൾ പ്രകാരം ഇവ മൂന്ന് സ്ട്രീമുകളായിരുന്നു - ബയോഡീഗ്രേഡബിൾ, നോൺ-ബയോഡീഗ്രേഡബിൾ, ഹസാര്‍ഡസ്.
ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങളും ജിയോ ടാഗ് മാലിന്യ സംസ്‌കരണ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കണമെന്ന് കരട് ചട്ടങ്ങൾ വ്യക്തമാക്കുന്നു. മാലിന്യ സംസ്‌കരണ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടലുകൾ വികസിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.
പ്രതികൂല കാലാവസ്ഥ, വാഹനങ്ങളില്‍ നിന്നുള്ള പുക മലിനീകരണം, നെല്ല് - വൈക്കോൽ കത്തിക്കൽ, പടക്കങ്ങൾ, മറ്റ് പ്രാദേശിക മലിനീകരണ സ്രോതസുകൾ എന്നിവയെല്ലാം കാരണം ഡൽഹിയിലെ വായു ഗുണനിലവാരം അടുത്തിടെ അപകടകരമാം വിധം താഴ്‌ന്നിരുന്നു. ഇതിനുപിന്നാലെയാണ് വായു ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.
Also Read: ഉയര്‍ന്ന പെന്‍ഷൻ: ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ ജനുവരി 31വരെ നല്‍കാം