ജനവാസ മേഖലയിലിറങ്ങി കാട്ടുപോത്തുകൾ; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ - kasargod

🎬 Watch Now: Feature Video

thumbnail

By

Published : May 30, 2023, 1:20 PM IST

കാസർകോട് : കർമംതോടി, കുളത്തീങ്കൽ പ്രദേശങ്ങളിൽ കാട്ടുപോത്തുകൾ ജനവാസ മേഖലയിലിറങ്ങുന്നത് പതിവാകുന്നു. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകൾ പ്രദേശത്ത് വ്യാപക കൃഷി നാശമാണ് ഉണ്ടാക്കിയത്. പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇതോടെ നാട്ടുകാർ ആശങ്കയിലായി. രാവിലെ റബ്ബർ വെട്ടാൻ ഭയത്തോടെയാണ് പോകുന്നതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുത്തിഗെയിലും കാട്ടുപോത്തിനെ കണ്ടിരുന്നു. പുത്തിഗെ പഞ്ചായത്തിലെ ഊജപദവ്, കട്ടത്തടുക്ക എന്നിവടങ്ങളിൽ വച്ച് രാത്രിയാണ് കാട്ടുപോത്തിനെ കണ്ടത്. പരിഭ്രാന്തിയിലായ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക് : താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്‍റെ മകൻ ഭിന്നശേഷിക്കാരനായ റിജേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അച്ഛനൊപ്പം റബ്ബർ ടാപ്പിംഗിനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബർ ടാപ്പിങ് ജോലി ചെയ്‌തുകൊണ്ടിരിക്കെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതിന് പിന്നാലെ തുടർച്ചയായി കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങുകയാണ്. കോട്ടയത്ത്‌ കർഷകരായ കണമല സ്വദേശി തോമസ് ആന്‍റണി (60), പുറത്തേൽ ചാക്കോ (65),  വിദേശത്ത് നിന്നും വ്യാഴാഴ്‌ച രാത്രി മടങ്ങിയെത്തിയ പ്രവാസി കൊല്ലം അഞ്ചൽ സ്വദേശി രാജൻ എന്ന ഗീവർഗീസ്‌ (64) എന്നിവരാണ്‌ കഴിഞ്ഞ ദിവസം കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ചത്. 

ശബരിമല വനമേഖലയോട്‌ ചേർന്ന കണമല അട്ടിവളവിന് സമീപം പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ്‌ കാട്ടുപോത്ത്‌ ആദ്യം ആക്രമിച്ചത്‌. തുടർന്ന്‌, വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെയും കാട്ടുപോത്ത് ആക്രമിച്ചു. വീടിന്‍റെ പിന്നിലുള്ള പാറക്കെട്ടിൽ നിൽക്കുമ്പോഴാണ് ഗീവർഗീസിനെ കാട്ടുപോത്ത് കുത്തിയത്.

പുലിയെ കണ്ടെന്നും നാട്ടുകാർ : കഴിഞ്ഞ ദിവസം പനത്തടിയിൽ നാട്ടുകാർ പുലിയെ കണ്ടതായും പറയപ്പെടുന്നു. വനം വകുപ്പ് പരിശോധനയും നടത്തിയിരുന്നു. 

Also read : കാട്ടുപോത്ത് ആക്രമണഭീഷണിയിൽ പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകൾ; വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.