video: ഇതൊക്കെ എന്ത്, ഇതിനപ്പുറം ചാടിക്കടക്കും... തൂക്കുവേലി മറികടന്നു പുഴ കടക്കുന്ന ആന; ദൃശ്യം വൈറല്‍ - കാട്ടാന
🎬 Watch Now: Feature Video
കണ്ണൂർ: ജില്ലയിലെ ആറളം വളയം ചാല്‍ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച തൂക്കുവേലി മറികടന്നു പുഴ നടക്കുന്ന ആനയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തൂക്കുവേലി താഴ്ന്നമര്‍ന്ന് പുഴയില്‍ മുങ്ങി കടന്നു പോവുന്ന കാട്ടാനയാണ് കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തിയത്. രണ്ടാഴ്‌ച മുൻപ് ആറളം വന്യജീവി സങ്കേതം ഓഫീസ് വളപ്പിന് സമീപത്തുകൂടി പുഴയ്ക്ക് അക്കരെ ജനവാസ മേഖലയിലേക്ക് കാട്ടാന പാലത്തിനടിയിലൂടെ കടന്നുപോകുന്നത് വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതുവഴിയുള്ള യാത്ര തടയാനായി വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും ചേർന്ന് പുഴയ്ക്ക് കുറുകെ തൂക്കുവേലി സ്ഥാപിച്ചിരുന്നു. വെള്ളത്തിൽ തൊടാതെ അൽപം ഉയർത്തിയാണ് സ്ഥാപിച്ചത്. എന്നാല്‍ തുക്കുവേലിക്കടുത്തെത്തിയപ്പോള്‍ ആന കുനിഞ്ഞ് വെളളത്തില്‍ മുങ്ങി വേലി മറി കടക്കുകയായിരുന്നു. ജനവാസമേഖലയിൽ എത്താൻ തീരുമാനിച്ചാൽ ഏതുതരം പ്രതിരോധവും മറികടക്കുമെന്ന് അധികൃതരെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് കാട്ടാന.
അതേസമയം, ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കടയ്‌ക്കായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ഒരു മാസത്തിനുള്ളില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് ഉടമയുടെ പ്രതീക്ഷ. അരിക്കൊമ്പനെ കാട് മാറ്റിയതോടെ മേഖലയില്‍ കാട്ടാന ശല്യം ഗണ്യമായി കുറഞ്ഞത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണ്.