ബ്രഹ്മപുരം കരാറുകളുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി : വി ഡി സതീശൻ - കൊച്ചി ഡിസിസി കോർപ്പറേഷൻ ഓഫിസ് മാർച്ച്
🎬 Watch Now: Feature Video
എറണാകുളം : കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ കരാറുകളുടെ മറവിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ ഡിസിസി സംഘടിപ്പിച്ച കോർപറേഷൻ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സി ബി ഐ അന്വേഷണം നടത്താൻ തയ്യാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
ഇത് സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട അഴിമതിയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസും ബന്ധപ്പെട്ട അഴിമതിയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ജനങ്ങളെ പുകയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതിനെതിരെ നടപടിയുണ്ടാകുംവരെ സമരം തുടരുമെന്ന് വി ഡി സതീശൻ അറിയിച്ചു.
ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യം കത്തിയമർന്ന് ജനങ്ങൾ വിഷവാതകം ശ്വസിക്കുന്ന സാഹചര്യം ഉണ്ടായി. ആരാണ് ഇതിന് കാരണക്കാരെന്ന് ചോദിച്ചാൽ സർക്കാർ ഉത്തരവാദിയല്ലെന്നാണ് പറയുന്നത്. കോർപറേഷൻ ഉത്തരവാദിയല്ലെന്നാണ് വിശദീകരിക്കുന്നത്. ഇവിടെ ഭരിച്ച എല്ലാവരും ഇതിന് ഉത്തരവാദികളാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. എന്നാൽ, ഇവിടെ പത്തുവർഷം ഭരണം നടത്തിയ യുഡിഎഫ് ഇതിന് ഉത്തരവാദികളല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫ് ഭരണ സമിതി നിലവിൽ വരുന്നതിന് മുമ്പാണ് ബ്രഹ്മപുരത്ത് പ്ലാന്‍റ് സ്ഥാപിച്ചത്. താൻ അംഗമായിരുന്ന നിയമസഭ കമ്മിറ്റി ബ്രഹ്മപുരം സന്ദർശിച്ച് സഭയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമ്മാണത്തിന്‍റെ മറവിൽ നടന്നത് മുഴുവൻ അഴിമതി ആയിരുന്നു.
അവിടെയുള്ള കെട്ടിടവും സംവിധാനങ്ങളും ഫലപ്രദമായിരുന്നില്ല. ഒന്നര വർഷം മാത്രമാണ് പ്ലാന്‍റ് പ്രവർത്തിച്ചത്. യുഡിഎഫ് ഭരണ സമിതി മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഈ പ്ലാന്‍റ് മതിയാവില്ലെന്ന് മനസിലാക്കിയതോടെയാണ് വേസ്റ്റ് എനർജി പ്ലാന്‍റ് ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനാവശ്യമായ അനുമതിപത്രങ്ങൾ നൽകാൻ പിണറായി സർക്കാർ തയ്യാറായില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.
സിപിഎം എറണാകുളം ജില്ല കമ്മിറ്റിയാണ് യുഡിഎഫ് ഭരണകാലത്ത് ഇത്തരമൊരു പ്ലാന്‍റ് വരുന്നതിനെതിരെ സർക്കാരിൽ സമ്മർദം ചെലുത്തിയത്. ബയോ മൈനിംഗിന് വേണ്ടി 16 കോടിയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും അന്നത്തെ പ്രതിപക്ഷം എതിർക്കുകയായിരുന്നു. പിന്നീട് ദുരന്ത നിവാരണ നിയമ പ്രകാരം ഇറക്കിയ ഉത്തരവിലൂടെ ലെഗസി വെയ്സ്റ്റ് നീക്കം ചെയ്യുന്നത് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
16 കോടിയുടെ കരാർ റദ്ദാക്കുകയും ചെയ്‌തു. പിന്നീട് 54 കോടി രൂപയ്ക്കാണ് സോൺട കമ്പനിക്ക് കരാര്‍ നൽകിയതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. ബെന്നി ബെഹന്നാന്‍ എംപി ജില്ലയിലെ കോൺഗ്രസ് എംഎൽഎമാർ തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ഡിസിസി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കോർപറേഷൻ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു.