'അങ്ങ് ഒറ്റയ്‌ക്കല്ല', രാഹുൽ ഗാന്ധിയ്‌ക്ക് ജനങ്ങൾ നൽകിയ ഐക്യദാർഢ്യമാണ് കർണാടകയിലെ വിധി: വിഡി സതീശന്‍ - കോൺഗ്രസ്
🎬 Watch Now: Feature Video
എറണാകുളം : വർഗീയതയ്‌ക്കും ഫാസിസത്തിനുമെതിരെ പോരാട്ടം നടത്തുന്ന എല്ലാവർക്കും ആവേശം പകരുന്നതാണ് കോൺഗ്രസിന്‍റെ കർണാടകയിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ ജനവിധി കർണാടകയുടെ അതിർത്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിജയമല്ല. വരാനിരിക്കുന്ന പാർലമെന്‍റ് തെരെഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇതിന്‍റെ പ്രതിഫലനമുണ്ടാകും.
ജനവികാരമാണ് തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി, കേന്ദ്ര മന്ത്രിമാരെയും എം.പിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി ബി ജെ പി പ്രവർത്തിച്ചിട്ടും ഒറ്റയ്‌ക്ക് ഭരണം നടത്താനുള്ള ജനവിധിയാണ് കോൺഗ്രസിന് ജനങ്ങൾ നൽകിയത്. രാഹുൽ ഗാന്ധി നടത്തിയ പോരാട്ടങ്ങളും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതിനാൽ പാർലമെന്‍റിൽ നിന്നും അയോഗ്യനാക്കാനും അദ്ദേഹത്തെ ജയിലിൽ അടക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വികാരവും കർണാടകയിലെ വിജയത്തിൽ പ്രതിഫലിക്കുന്നുണ്ട്.
നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയോട് 'അങ്ങ് ഒറ്റയ്‌ക്കല്ല' എന്ന് ജനങ്ങൾ നൽകിയ ഐക്യദാർഢ്യമാണ് ഈ ജനവിധി. കർണാടകയിലെ ബിജെപി സർക്കാർ 40 ശതമാനം കമ്മിഷൻ സർക്കാരാണെന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. ഇത് അഴിമതി സർക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം കേരളത്തിൽ ലൈഫ് മിഷൻ ഇടപാടിലെ അഴിമതി 46 ശതമാനവും എ.ഐ. ക്യാമറ ഇടപാടിലെ അഴിമതി 65 ശതമാനവുമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത അഴിമതി വിഹിതമാണിത്. കർണാടകയിലെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അഴിമതിക്കെതിരായ പ്രചാരണം ശക്തമാക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം കർണാടകയിലെ കോൺഗ്രസിന്‍റെ വിജയം ആഘോഷമാക്കി കൊച്ചിയിലെ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ലാദ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലാണ് കൊച്ചി നഗരത്തിൽ പ്രകടനം നടത്തിയത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും നൃത്തം ചെയ്‌തുമായിരുന്നു കോൺഗ്രസിന്‍റെ ആഹ്‌ലാദം. ഡി സി സി പരിസരത്ത് നിന്നും ആരംഭിച്ച ആഹ്‌ലാദ പ്രകടനം എം.ജി.റോഡ് വഴി നഗരം ചുറ്റിയാണ് സമാപിച്ചത്.