UNA March | ശമ്പള പരിഷ്‌കരണം : യുഎൻഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട്‌ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ (യുഎൻഎ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്. സംസ്ഥാനമൊട്ടാകെയുള്ള വിവിധ ആശുപത്രികളിൽ നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാർ മാർച്ചിൽ പങ്കെടുത്തു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. യുഎൻഎ ദേശീയ പ്രസിഡന്‍റ് എം ജാസ്‌മിൻഷയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടിസ്ഥാന ശമ്പളം 40000 രൂപയാക്കുക, ആരോഗ്യമേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ജഗദീഷ് പ്രസാദ് - ഡോ. ബൽറാം കമ്മിറ്റികളുടെ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്‌റ്റ് സമ്പ്രദായം എല്ലായിടത്തും ഉറപ്പുവരുത്തുക, നഴ്‌സിംഗ് അധ്യാപകരുടെ ശമ്പള സ്‌കെയിൽ പുതുക്കി നിശ്ചയിക്കുക, എൻഎച്ച്‌എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്‌പി, എച്ച്‌ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യ വേതനം എന്ന രീതിയിലാക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക, ലേബർ നിയമങ്ങൾ യാഥാര്‍ഥ്യമാക്കുക, പിഎസ്‌സി വഴി സ്ഥിര നിയമനങ്ങൾ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സാക്ഷാത്കരിക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.  ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ നവംബറിൽ ലോങ് മാർച്ച് സംഘടിപ്പിക്കാനാണ് യുഎൻഎ തീരുമാനം. ഇന്ന് സംസ്ഥാനത്തെ 440 ആശുപത്രികളിൽ ഇവര്‍ പണിമുടക്കിയിരിക്കുകയാണ്. ജൂൺ 25നാണ്, സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ യുഎൻഎ തീരുമാനിച്ചതായി ദേശീയ പ്രസിഡന്‍റ് എം ജാസ്‌മിൻഷ വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ സംസ്ഥാനത്ത് പരിഷ്‌കരിരിച്ചിട്ടില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ആയിരക്കണക്കിന് നഴ്‌സുമാരാണ് പങ്കെടുത്തത്. മാർച്ചിനെ തുടർന്ന് എം ജി റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.