CPM Seminar | 'പോത്തായി വരുന്നെന്ന് പറഞ്ഞ് കുട്ടികളെ ഭയപ്പെടുത്തുന്നത് പോലെ ബിജെപി യുസിസി ഉയർത്തിക്കാട്ടുന്നു'; ഉമർ ഫൈസി മുക്കം
🎬 Watch Now: Feature Video
കോഴിക്കോട്: യുസിസി എന്നത് നടപ്പിലാക്കാൻ ശ്രമിക്കുന്നവർക്ക് പോലും വെളിപ്പെടുത്താൻ കഴിയാത്ത സാധനമാണെന്ന് സമസ്‌ത പ്രതിനിധി ഉമർ ഫൈസി മുക്കം. കുട്ടികളെ 'പോത്തായി' വരുന്നുവെന്ന് ഭയപ്പെടുത്തുന്നത് പോലെയാണ് യുസിസി അവർ ഉയർത്തി കാണിക്കുന്നതെന്നും ഒട്ടകപ്പക്ഷിയുടെ നിലപാടാണ് കേന്ദ്രത്തിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തെ പോയി കണ്ട പല വർഗങ്ങളേയും സമുദായങ്ങളേയും അവർ ഒഴിവാക്കി കൊടുത്തു. സമസ്‌ത പോയി കണ്ടാൽ ഒരു പക്ഷേ തങ്ങളേയും ഒഴിവാക്കി തന്നേക്കാം. അല്ലെങ്കിൽ പോത്തായി കാണിച്ച് പേടിപ്പിക്കുമായിരിക്കുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
മതന്യൂനപക്ഷ സംഘടനകളെ സംക്ഷിക്കാൻ സിപിഎം എന്നും തയ്യാറായിട്ടുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് (എപി വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്‍റ് സി മുഹമ്മദ് ഫൈസി പറഞ്ഞു. താമരശ്ശേരി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജോസഫ് കളരിക്കൽ ആണ് പങ്കെടുത്തത്. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പങ്കെടുത്തില്ല.
മണിപ്പൂരിൽ ഒരു ഗോത്രത്തെ ഇല്ലായ്‌മ ചെയ്യുമ്പോൾ നോക്കി നിൽക്കുന്ന ഒരു ഭരണകൂടത്തിന് എങ്ങനെയാണ് യുസിസി നടപ്പിലാക്കാൻ കഴിയുകയെന്ന് താമരശ്ശേരി രൂപതയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാ. ജോസഫ് കളരിക്കൽ ചോദിച്ചു. ക്രിസ്‌തുമതം സ്വീകരിക്കുന്ന ദലിതർക്ക് പദവി നഷ്‌ടമാകുന്നു. ഈ വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.