തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; 'സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്‍റെ ഭാഗം, ആദ്യം പുറത്താക്കേണ്ടത് പ്രിന്‍സിപ്പലിനെ': എംഎം ഹസന്‍ - യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം
🎬 Watch Now: Feature Video
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയത് എസ്എഫ്ഐ സംഘടനയിലെ സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടത്തിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയ കോളജുകളിൽ ഇതുപോലെ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ആദ്യം പുറത്താക്കേണ്ടത് കോളജിലെ പ്രിൻസിപ്പലിനെയാണ്. ഏത് യൂണിയനിൽപ്പെട്ട ആളായാലും പ്രിൻസിപ്പലിനെ ആ സ്ഥാനത്ത് നിന്ന് മാറ്റണം. പ്രിൻസിപ്പൽ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഷൈജു പ്രവർത്തി കൊണ്ട് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്നത് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആദ്യത്തെ സംഭവമാണ്. എസ്എഫ്ഐയ്‌ക്ക് അകത്ത് ക്രിമിനലുകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഹസൻ കുറ്റപ്പെടുത്തി. നട്ടെല്ല് ഇല്ലാത്ത പല കോളജ് പ്രിൻസിപ്പൽമാരും എസ് എഫ് ഐയുടെ ഭീഷണിക്ക് വഴങ്ങുകയാണ്. അതിൻ്റെ തെളിവാണ് കണ്ടതെന്നും ഹസന്‍ പറഞ്ഞു.
സ്ത്രീകൾക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയക്കുന്ന സംഭവങ്ങളിൽ കൂടുതലും എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പെടുന്ന കേസുകളിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ലഹരി മാഫിയയെ പൂർണമായും സംരക്ഷിക്കുന്നത് ഈ സർക്കാരാണ്. തലസ്ഥാനത്ത് തന്നെ നിരവധി എസ്‌എഫ്ഐ പ്രവർത്തകരുടെ പേരിൽ ക്രിമിനൽ കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.
സര്‍വീസ് ബാങ്ക് ക്രമക്കേടിലും പ്രതികരിച്ച് ഹസന്‍: മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ 14.5 കോടിയുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത്. പാർട്ടി സഖാക്കന്മാർക്ക് വായ്‌പ നൽകിയത് തിരിച്ചടക്കാത്തതാണ് കാരണം. സിപിഎമ്മിൻ്റെ ഒരു ജില്ല കമ്മിറ്റി മെമ്പറാണ് ബാങ്കിൻ്റെ പ്രസിഡൻ്റ്.
മാർക്‌സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന അപഹരണത്തിലും ക്രമക്കേടിലും രക്തസാക്ഷികളാകുന്നത് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്ന സാധാരണക്കാരാണ്. സഹകരണ മേഖലയെ സഖാക്കന്മാരുടെ കറവ പശു ആക്കിമാറ്റിയ സാഹചര്യമാണിപ്പോളെന്നും ഹസൻ പറഞ്ഞു.
യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ മെയ് 20ന്: എൽഡിഎഫ് സക്കാരിന്‍റെ രണ്ടാം വാർഷികമായ മെയ് 20ന് രാവിലെ 7 മണി മുതൽ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8 മണിക്ക് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും 9 മണിക്ക് മുൻപായി ഇടുക്കി എറണാകുളം ജില്ലയിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ അണിനിരക്കും.
രാവിലെ 10 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സെക്രട്ടേറിയറ്റ് വളയൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇതേ ദിവസം പിണറായി സർക്കാരിനെതിരെയുള്ള കുറ്റപത്രം യുഡിഎഫ് ജനസമക്ഷം സമർപ്പിക്കും.
യുഡിഎഫ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, സാമൂഹ്യ ക്ഷേമപെൻഷനുകൾ ഉൾപ്പെടെയുള്ള പെൻഷൻ കുടിശിക ഉടൻ നൽകുക, അന്യായമായ നികുതി വർധനവ് പിൻവലിക്കുക, കാർഷിക ഉത്‌പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, എഐ ക്യാമറ ഇടപാടിലെ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തുക, കെ ഫോൺ അഴിമതിയെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതെന്നും എംഎം ഹസൻ വ്യക്തമാക്കി.