പന്ത് കളിക്കുന്നതിനിടെ അപകടം, കോഴിക്കോട് ബീച്ചില്‍ രണ്ട് കുട്ടികള്‍ തിരയില്‍പ്പെട്ടു; തെരച്ചില്‍ തുടരുന്നു - രണ്ട് കുട്ടികളെ കാണാതായി
🎬 Watch Now: Feature Video
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ബോള്‍ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ആദില്‍ (18), ആദില്‍ ഹസന്‍ (16) എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും ഒളവണ്ണ സ്വദേശികളാണ്.
സ്ഥലത്ത് ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍. കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടികള്‍ ഒരുമിച്ചായിരുന്നു കോഴിക്കോട് കടപ്പുറത്ത് ബോള്‍ കളിച്ചിരുന്നത്. ഇതിനിടെ ബോള്‍ വെള്ളത്തില്‍ പോകുകയായിരുന്നു. ഇത് എടുക്കാന്‍ പോയപ്പോഴാണ് ഇവര്‍ തിരയില്‍പ്പെട്ടതെന്നാണ് വിവരം.
അതിനിടെ, പറവൂര്‍ തട്ടുകാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു. മെയ് 13നായിരുന്നു സംഭവം. ദീര്‍ഘനേരം നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 13 വയസുള്ള അഭിനവ്, ശ്രീരാഗ്, 10 വയസുള്ള ശ്രീവേദ എന്ന കുട്ടികളാണ് മരിച്ചത്.
സംഭവം നടന്ന ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു കുട്ടികള്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരത്തോടെ ആദ്യം ശ്രീവേദയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രിയില്‍ അഭിനവിന്‍റെ മൃതദേഹവും കണ്ടെത്തി. രാത്രിയില്‍ ഏറെ വൈകിയായിരുന്നു ശ്രീരാഗിന്‍റെ മൃതദേഹം കണ്ടെത്തിയത്.
Also Read : പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു