Tribal Man Died In Wild Elephant Attack : അട്ടപ്പാടിയിൽ കാട്ടാന ആക്രമണം : ആദിവാസി വയോധികൻ മരിച്ചു

🎬 Watch Now: Feature Video

thumbnail

പാലക്കാട് : അട്ടപ്പാടി ബോഡിചാള മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു (Tribal Man Died In Wild Elephant Attack). സമ്പാർക്കോട് ഊരിലെ വണ്ടാരി ബാലനെയാണ് (75) കാട്ടാന ആക്രമിച്ചത്. ആടുമേയ്‌ക്കാനായി പോയ ബാലൻ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച (19.10.2023) രാവിലെ 10 മണിക്കാണ് ആടുകളുമായി ബാലൻ മല കയറിയത്. വനത്തിനുള്ളിൽ ബാലന് കൃഷിസ്ഥലവുമുണ്ട്. ഇതിനടുത്താണ് ആടുകളെ മേച്ചുകൊണ്ടിരുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ മലയിൽ നിന്നും ഒരാളുടെ നിലവിളി കേട്ടിരുന്നു. തുടർന്ന് ആനയുടെ ചിഹ്നം വിളിയും കേട്ടു. വനത്തിന് സമീപം നിന്നിരുന്ന നാട്ടുകാരാരെങ്കിലും ആനയെ കണ്ട് നിലവിളിച്ച് ഒടിയതാകാമെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. മൂന്നുമണിയോടെ ആടുകളുമായി തിരിച്ചെത്തുന്ന ബാലൻ നാല് മണിയായിട്ടും വരാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചിരുന്നു. ഊരുകാരും, ഷോളയൂരില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി ആനയെ അകറ്റിയാണ് മൃതദേഹം എടുത്തത്. ബാലന്‍റെ തലയിൽ കാട്ടാന ചവിട്ടിയതിന്‍റെയും അരയ്ക്ക്‌ താഴെ കൊമ്പുകൊണ്ട് കുത്തിയതിന്‍റെയും പരിക്കുണ്ട്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.