Tomato Price Drop To One Rupees 'കിലോയ്‌ക്ക് വില ഒരു രൂപ മാത്രം'; ഇടിഞ്ഞ് താഴ്‌ന്ന് തക്കാളി വില, വഴിയിൽ ഉപേക്ഷിച്ച് വ്യാപാരികൾ
🎬 Watch Now: Feature Video
നന്ദ്യാല (ആന്ധ്രാപ്രദേശ്) : ഒരു മാസം മുൻപുവരെ പച്ചക്കറികളിലെ സ്വർണം എന്നറിയപ്പെട്ടിരുന്ന വിഭവമായിരുന്നു തക്കാളി. ഒരു ഘട്ടത്തിൽ രാജ്യമൊട്ടാകെ കിലോയ്‌ക്ക് 200 രൂപയിലധികമായിരുന്നു തക്കാളി വില. തക്കാളി വിൽപ്പന നടത്തി കോടീശ്വരൻമാരായ കർഷകരുടെ കഥകളും ഇതിനിടയിൽ നമ്മൾ വായിച്ചിരുന്നു. എന്നാൽ ഇന്ന് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ആന്ധ്രാപ്രദേശിലെ നന്ദ്യാലയിൽ 170 രൂപയിലധികമായിരുന്നു തക്കാളിയുടെ വില. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിപ്പിക്കുന്ന വിലയിടിവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്‌ച ധോണി, പാപ്പിലി എന്നിവിടുത്തെ വിപണികളിൽ കിലോയ്‌ക്ക് ഒരു രൂപ മുതൽ മൂന്ന് രൂപവരെ മാത്രമായിരുന്നു തക്കാളി വില. കർഷകരിൽ നിന്ന് വ്യാപാരികൾ വലിയ തോതിൽ തക്കാളി വാങ്ങിയെങ്കിലും മറ്റ് പ്രദേശങ്ങളിൽ തക്കാളിക്ക് കൃത്യമായ വില ലഭിക്കാത്തതിനാൽ കയറ്റുമതി നിലച്ചു. ഒടുവിൽ വരവിനെക്കാൾ ചെലവ് വരുമെന്ന ഘട്ടത്തിൽ വ്യാപാരികൾ തക്കാളിയെ വഴിയരികിൽ തള്ളുകയായിരുന്നു. പാപ്പിലിക്ക് സമീപം ദേശീയ പാതയോരത്ത് ഇത്തരത്തിൽ കിലോ കണക്കിന് തക്കാളിയാണ് വ്യാപാരികൾ ഉപേക്ഷിച്ച് മടങ്ങിയത്. റോഡരികിൽ തക്കാളി കുന്നുകൂടിയതോടെ ചിലർ അതിനെ ബാഗുകളിലാക്കി വീടുകളിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവ കന്നുകാലികൾക്കും തീറ്റയായി.