Tiger Trapped In Cage Wayanad : മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി, ആശ്വാസത്തില്‍ പ്രദേശവാസികള്‍ - ബത്തേരി മൂലങ്കാവ്
🎬 Watch Now: Feature Video
Published : Sep 4, 2023, 2:00 PM IST
വയനാട് : ബത്തേരി മൂലങ്കാവ് എര്‍ലോട്ടുകുന്നില്‍ ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി (Tiger Trapped In Cage Wayanad). ഇന്ന് (സെപ്‌റ്റംബര്‍ 4) പുലര്‍ച്ചെ നാല് മണിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കോഴി ഫാമിന് സമീപം ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 12 വയസുള്ള പെണ്‍കടുവയാണ് ഇത്. കടുവയെ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശരീരത്തില്‍ പരിക്കുകള്‍ ഉള്ളതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ പശുക്കളെയും നായ്‌ക്കളെയും ആക്രമിച്ചിരുന്നു. കടുവ ഭീതിയില്‍ പ്രദേശവാസികള്‍ പെറുതുമുട്ടിയിരിക്കുന്നതിനിടെയാണ് ആശ്വാസമായി അത് കൂട്ടിലകപ്പെട്ടത്. ഒരാഴ്‌ച മുമ്പാണ് കടുവയെ പിടികൂടുന്നതിനായി രണ്ട് കൂടുകള്‍ പ്രദേശത്ത് സ്ഥാപിച്ചത്. ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കടുവയെ പിടികൂടാനായതില്‍ പ്രദേശവാസികള്‍ ആശ്വാസത്തിലാണ്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന വഴികളില്‍ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. കര്‍ഷകര്‍ അടക്കം നിരവധി പേര്‍ താമസിക്കുന്ന പ്രദേശത്താണ് കടുവ നാളുകളായി സ്വൈരവിഹാരം നടത്തിയിരുന്നത്.