Thrissur Girija Theatre |തിയേറ്റർ നിറഞ്ഞ് സ്‌ത്രീകൾ, ഡോ. ഗിരിജയ്‌ക്ക് അത്യപൂർവ ഐക്യദാർഢ്യം; പിന്തുണയുമായി നടൻ ഷറഫുദ്ദീൻ - ഷറഫുദ്ദീൻ ഗിരിജ തിയേറ്റർ
🎬 Watch Now: Feature Video
തൃശൂർ : തൃശൂർ ഇന്നലെ സാക്ഷിയായത് അത്യപൂർവ ഐക്യദാർഢ്യത്തിനായിരുന്നു. സൈബർ ആക്രമണങ്ങൾക്കിടയിൽ പ്രതിസന്ധിയിലായ തൃശൂർ ഗിരിജ തിയേറ്റർ ഇന്നലെ സ്‌ത്രീ പ്രേക്ഷകരാല്‍ നിറഞ്ഞു. ഡോ. ഗിരിജയ്‌ക്ക് പിന്തുണയുമായിട്ടായിരുന്നു പെൺപടയുടെ വരവ്.
വനിതകൾക്കായുള്ള പ്രത്യേക ഷോയാണ് ഇന്നലെ ഗിരിജ തിയേറ്ററിൽ നടന്നത്. സ്റ്റെഫി സേവിയർ സംവിധാനം ചെയ്‌ത മധുര മനോഹര മോഹം എന്ന സിനിമ ആയിരുന്നു പ്രദർശനം നടത്തിയത്. വൈകിട്ടോടെ സിനിമയിലെ നായകനായ ഷറഫുദ്ദീനും തിയേറ്ററിലെത്തി ഗിരിജയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു.
കഠിന പ്രയത്നത്തിലൂടെയാണ് ഡോ. ഗിരിജ തന്‍റെ സംരംഭം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ, ഈയിടെയായി ഗിരിജ നേരിട്ടത് വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങളായിരുന്നുവെന്ന് ഇടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടും പൊലീസിന്‍റെ സൈബർ വിഭാഗത്തിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്നും ഗിരിജ ഇടിവി ഭാരതിനോട് പറഞ്ഞു.
വൻകിട കോർപ്പറേറ്റ് ബുക്കിങ് സൈറ്റുകൾ തിയേറ്ററിന് വിലക്കേർപ്പെടുത്തിയപ്പോഴും സധൈര്യം ഗിരിജ നേരിട്ടിരുന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ രൂക്ഷമായതോടെ ഗിരിജ തളരുകയായിരുന്നു. ഗിരിജയുടെ അവസ്ഥ മാധ്യമങ്ങളിലൂടെയറിഞ്ഞ് തിയേറ്ററിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധിപേരാണ് എത്തിയത്. ഒരു വനിത സംരഭകയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നായിരുന്നു സിനിമ കാണാൻ എത്തിയവരുടെ പ്രതികരണം. തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ഡോ. ഗിരിജ പറഞ്ഞു.