തൃശൂരില്‍ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം; നാല് പേർക്ക് ഗുരുതര പരിക്ക് - മാട്ടുമ്മൽ സ്വദേശി
🎬 Watch Now: Feature Video
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം.
മാട്ടുമ്മൽ സ്വദേശി ഇളയടത്ത് പുത്തൻവീട്ടിൽ ആബിദ്, മരത്തംകോട് സ്വദേശിനി കൈകുളങ്ങര വീട്ടിൽ ഷാജിയുടെ ഭാര്യ റഹ്‌മത്ത്, മാട്ടുമ്മൽ സ്വദേശി ഇളയടത്ത് പുത്തൻവീട്ടിൽ ഫെമിന എന്നിവരാണ് മരിച്ചത്. മരത്തംകോട് സ്വദേശി ഫാരിസ്, നീർക്കാട് സ്വദേശി രായമരക്കാർ വീട്ടിൽ സാദിഖ്, ആംബുലൻസ് ഡ്രൈവർമാരായ ശുഹൈബ്, റംഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
മരത്തംകോട് അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന് സമീപമാണ് അപകടം ഉണ്ടായത്. ന്യുമോണിയ ബാധിച്ച ഫെമിന എന്ന യുവതിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു അൽ അമീൻ ആംബുലൻസ്. ഗുരുതര അവസ്ഥയിലായിരുന്ന ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പഴുന്നാനയിൽ നിന്നും ശ്വാസംമുട്ട് അനുഭവപ്പെട്ട രോഗിയും ആറു പേരടങ്ങുന്ന കുടുംബാംഗങ്ങളുമായി കുന്നംകുളത്തെ ആശുപത്രിയിലേക്ക് വരുന്നതിനിടയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മരങ്ങളിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.