പൊങ്കാല ഇഷ്‌ടിക മോഷണം: ദൃശ്യങ്ങള്‍ വ്യാജമെന്ന് മ്യൂസിയം പൊലീസ് - തിരുവനന്തപുരം നഗരസഭ

🎬 Watch Now: Feature Video

thumbnail

By

Published : Mar 11, 2023, 3:48 PM IST

തിരുവനന്തപുരം: പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്‌ടികകൾ മോഷ്‌ടിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമെന്ന് പൊലീസ്. മ്യൂസിയം പൊലീസാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇഷ്‌ടികകൾ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. 

ഇത് വ്യാജമാണെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നഗരസഭയേയും ലൈഫ് മിഷനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നഗരസഭ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ദൃശ്യങ്ങളിൽ കാണുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. 

നഗരത്തിലെ ഒരു റെസിഡന്‍റ്സ് അസോസിയേഷൻ വാങ്ങിയ ഇഷ്‌ടികകൾ ഉപയോഗ ശേഷം തിരികെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പൊങ്കാലയ്ക്ക് ശേഷം ബാക്കിയായ ഇഷ്‌ടികകൾ മോഷ്‌ടിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ചത്. നഗരസഭ സമർപ്പിച്ച പരാതിയെ തുടർന്ന് റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്റ്റേഷനിൽ എത്തി രേഖമൂലം ഇത് അറിയിക്കും. സംഭവത്തിൽ മ്യൂസിയം പൊലീസ് സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്‌ടികകൾ ശേഖരിച്ച് ലൈഫ് ഭവന നിർമാണ പദ്ധതിക്ക് നൽകാനായിരുന്നു നഗരസഭയുടെ നീക്കം. ഇഷ്‌ടികകൾ ശേഖരിക്കുന്ന സ്വകാര്യ വ്യക്തികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു ഇഷ്‌ടികകൾ മോഷ്‌ടിച്ച് സ്വകാര്യ വ്യക്തികൾ വില്‍ക്കുന്നു എന്ന തരത്തിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചത്. 

ഇഷ്‌ടിക വിതരണത്തിന് നടപടി തുടങ്ങി: അതേസമയം പൊങ്കാലയ്ക്ക് ശേഷം ബാക്കിയാകുന്ന ഇഷ്‌ടികകൾ ആവശ്യമായ ലൈഫ് മിഷൻ ഗുണഭോക്താകളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പുത്തരിക്കണ്ടം മൈതാനത്തിലാണ് നഗരസഭ ഇഷ്‌ടികകൾ ശേഖരിക്കുന്നത്. നഗരസഭയുടെ മുഴുവൻ ശുചീകരണ തൊഴിലാളികൾക്ക് പുറമെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തിലാണ് ഇഷ്‌ടികകൾ ശേഖരിക്കുന്നത്.

മാർച്ച് ഏഴിന് നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം 45 ലക്ഷം പേരാണ് പങ്കെടുത്തത്. പൊങ്കാല നിവേദ്യത്തിന് ശേഷം പ്രധാന റോഡുകളിൽ എല്ലാം നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് ഇഷ്‌ടികകൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

ഇതിനായി നഗരസഭയുടെ ലോറികൾക്ക് പുറമെ സ്വകാര്യ വാഹനങ്ങൾക്കും നഗരസഭ കരാർ നൽകിയിരുന്നു. ഇതുവരെ 138 ലോഡ് ഇഷ്‌ടികകളാണ് ശേഖരിച്ചത്. 2018-19 കാലയളവിൽ വി കെ പ്രശാന്ത് എംഎൽഎ മേയർ ആയിരുന്നപ്പോഴായിരുന്നു പൊങ്കാലയ്ക്ക് ശേഷം ബാക്കിയാകുന്ന ഇഷ്‌ടികകൾ ലൈഫ് മിഷന് വേണ്ടി ഉപയോഗിക്കാൻ നടപടികൾ ആരംഭിച്ചത്. 

2018 ലും 2019 ലും 35 വീടുകൾക്കായി ഇഷ്‌ടികകൾ വിതരണം ചെയ്‌തിരുന്നു. ഇന്ത്യൻ ഇൻസ്‌റ്റിട്ടൂട്ട് ഓഫ് ആർകിടെക്‌ട്, എൻഎസ്‌എസ് വോളന്‍റിയർമാർ, ഗ്രീൻ ആർമി അംഗങ്ങൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തിലാണ് അന്ന് ഈ പദ്ധതി വിജയിപ്പിച്ചിരുന്നത്. 

ALSO READ: 'പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്‌താവന പാടില്ല' ; എം കെ രാഘവനെയും കെ മുരളീധരനെയും താക്കീത് ചെയ്‌ത് കെപിസിസി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.