VIDEO | തമ്പാനൂരില്‍ അമ്മയും മകളും നടത്തുന്ന ചിപ്‌സ് കടയില്‍ അക്രമം ; ആറ് പേര്‍ അറസ്റ്റില്‍, മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതം - തമ്പാനൂര്‍ പൊലീസ്
🎬 Watch Now: Feature Video
തിരുവനന്തപുരം : തമ്പാനൂരില്‍ അമ്മയും മകളും നടത്തുന്ന ചിപ്‌സ് കടയില്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി എട്ടേമുക്കാലോടെ ആയിരുന്നു സംഭവം. സമീപത്തെ ഹോട്ടലില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കായി എത്തിയ സംഘമാണ് മണ്ണന്തല സ്വദേശികള്‍ നടത്തുന്ന ജിയോ ചിപ്‌സ് എന്ന കടയില്‍ കയറി അക്രമം നടത്തിയത്.
കടയിലെത്തിയ 12 അംഗ സംഘം കൗണ്ടറിലിരുന്ന മകളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചത് അമ്മ ഇടപെട്ട് വിലക്കി. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. കടയില്‍ ചായ കുടിക്കാനെത്തിയ ട്രാവല്‍ ഏജന്‍സി മാനേജര്‍ മനോജിനെയും സംഘം ആക്രമിച്ചു. ഇദ്ദേഹത്തിന്‍റെ വാഹനത്തിന് കേടുപാടുകള്‍ വരുത്തിയിട്ടുമുണ്ട്.
അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ കൊല്ലത്തുകാരനുമാണ്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് തമ്പാനൂര്‍ പൊലീസാണ് കേസ് എടുത്തത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മാല കവര്‍ന്നു : തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസില്‍ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചു. കണ്ണൂര്‍ മുണ്ടൂര്‍ സ്വദേശിയായ 23കാരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. ട്രെയിനിലെ ശൗചാലയത്തില്‍ പോയി മടങ്ങവെ രണ്ട് പേര്‍ ചേര്‍ന്ന് കൈ പിടിച്ച് തിരിച്ച് മുഖം പൊത്തുകയും മാല പൊട്ടിക്കുകയും ആയിരുന്നു എന്ന് യുവതി പറഞ്ഞു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.