പച്ചക്കൊളുന്തിന് ന്യായവില നൽകാതെ ഏജന്‍റുമാർ ; പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ - തോട്ടം തൊഴിലാളികൾക്ക് ന്യായവില നൽകുന്നില്ല
🎬 Watch Now: Feature Video
ഇടുക്കി : പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾ നുള്ളുന്ന പച്ചക്കൊളുന്തിന് ന്യായവില നൽകാതെ ഏജന്‍റുമാർ. ഉപ്പുതറ ചിന്തലാർ ഡിവിഷനിൽ ഒരു കിലോ കൊളുന്തിന് 20 രൂപ വില നൽകുമ്പോൾ തൊട്ടടുത്ത പുതുക്കട, ലോൺട്രി ഡിവിഷനുകളിൽ 15 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. വാഹനം ഉൾപ്പടെയുള്ള ചെലവുകളും, ലാഭവും കണക്കാക്കി ഫാക്‌ടറി വിലയിൽ നിന്നും നാല് രൂപ താഴ്ത്തിയാണ് ഏജന്‍റുമാർ വർഷങ്ങളായി കൊളുന്ത് വാങ്ങുന്നത് എന്ന് തൊഴിലാളികൾ പറയുന്നു.
കൊളുന്ത് തൂക്കുന്നതിനും കണക്കുകൾ കൈകാര്യം ചെയ്യുന്നതിനും ട്രേഡ് യൂണിയൻ നേതൃത്വം പ്രാദേശികമായി കൺവീനർമാരെ ചുമതലക്കാരായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഡിവിഷനിലും ഏകീകരിച്ച വിലയാണ് കഴിഞ്ഞയിടെ വരെ നൽകിയിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങളായി പുതുക്കടയിലും, ലോൺട്രിയിലും നാലും അഞ്ചും രൂപ വില കുറച്ചാണ് ഏജന്‍റുമാർ കൊളുന്ത് വാങ്ങുന്നത്.
ഈ ചൂഷണത്തിന് പ്രാദേശിക കൺവീനർമാരും കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം. കൈ കൊണ്ട് നുള്ളുന്ന കൊളുന്തിന് 20 രൂപയും കൊളുന്ത് മുറിക്കുന്ന ഉപകരണം ഉപയോഗിച്ചെടുക്കുന്നതിന് 19 രൂപയുമാണ് ഒരാഴ്‌ചയായി ചീന്തലാറിലെ തൊഴിലാളികൾക്ക് ലഭിച്ചത്. ഇതേസമയം തൊട്ടടുത്തുള്ള പുതുക്കടയിലും ലോൺട്രിയിലും 15 രൂപയാണ് തൊഴിലാളികൾക്ക് നൽകിയത്.
ഒരു കിലോ കൊളുന്തിന്‍റെ വിലയിൽ അഞ്ചുരൂപയുടെ വ്യത്യാസമാണ്. പുറത്ത് പറഞ്ഞാൽ അവരുടെ കൊളുന്ത് വാങ്ങാൻ ഏജന്‍റുമാർ തയ്യാറാകില്ലെന്ന് ഭയന്ന് പരസ്യമായി പ്രതികരിക്കാനോ നേതൃത്വത്തെ അറിയിക്കാനോ തൊഴിലാളികൾ ഇതുവരെ തയ്യാറായിരുന്നില്ല. 2000 മുതൽ പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ചീന്തലർ ലോൺട്രി തോട്ടങ്ങളിലെ തൊഴിലാളികൾ കൊളുന്ത് നുള്ളി വിൽപ്പന നടത്തിയാണ് കുടുംബം പോറ്റുന്നത്. ഈ പട്ടിണി പാവങ്ങളോടാണ് ഏജന്‍റുമാരുടേയും ട്രേഡ് യൂണിയൻ ചുമതലപ്പെടുത്തിയ പ്രാദേശിക കൺവീനർമാരുടെയും ദ്രോഹ നടപടി.
വേനൽ മഴയിൽ ഉത്പാദനം വർധിച്ചതോടെ പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. അതിനിടെയാണ് വില കുറച്ച് കൊളുന്ത് വിൽക്കേണ്ടിവരുന്നത്. ഒരേ തോട്ടത്തിലെ രണ്ടുതരം നീതിയിൽ ട്രേഡ് യൂണിയൻ നേതൃത്വം ഇടപെടുമെന്ന വിശ്വാസത്തിലാണ് തൊഴിലാളികൾ.