Suresh Gopi On Guruvayur Over Bridge Construction : ഗുരുവായൂർ മേൽപാലം പണി വൈകുന്നു, സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി - ഇന്ത്യൻ റെയിൽവെ
🎬 Watch Now: Feature Video
Published : Sep 6, 2023, 12:32 PM IST
തൃശൂർ : ഗുരുവായൂർ മേൽപ്പാലത്തിന്‍റെ പണി വൈകാൻ കാരണം സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി (Suresh Gopi On Guruvayur Over Bridge Construction). റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിന്‍റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. ഇത് റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ് വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമാണ് റെയിൽവേയ്ക്ക് അവരുടെ ജോലി ചെയ്യാൻ സാധിക്കുക. അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാല സമര സമിതിക്കാർ അറിയിച്ചപ്പോൾ തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട് ജോലി വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ചെയ്യേണ്ട മേൽപ്പാലത്തിന്‍റെ ജോലികൾ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഈ വസ്‌തുതകൾ അറിഞ്ഞിട്ടും ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണ്. ഗുരുവായൂരിന്‍റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികൾ പ്രകാരം കോടികൾ നൽകിയ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ചിലരുടെ ജോലിയെന്നും ഈ കുപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ തന്നെ നിർബന്ധിതനാക്കിയതാണെന്നും സുരേഷ്ഗോപി പറഞ്ഞു. ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെകെ അനീഷ്‌കുമാർ, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചിറമ്പത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ്, സോഷ്യൽ മീഡിയ കൺവീനർ സുമേഷ്‌കുമാർ എന്നിവരും സുരേഷ് ഗോപിയോടൊപ്പം മേൽപ്പാലം സന്ദർശിച്ചു.