ക്ഷേത്രത്തിന് മുന്നില്‍ തമിഴ്‌ഗാനത്തിനൊപ്പം ഡാൻസ് ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥൻ: വീഡിയോ വൈറല്‍, പിന്നാലെ സസ്‌പെൻഷൻ
🎬 Watch Now: Feature Video
ഇടുക്കി: ക്ഷേത്രോത്സവത്തിന് ക്രമസമാധാന പാലനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡാൻസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്ഐ കെപി ഷാജിയും സംഘവും.
ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ്ഐ നൃത്തം ആരംഭിയ്ക്കുകയായിരുന്നു. നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എസ്ഐയെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. മറ്റ് പൊലീസുകാർ നോക്കി നില്‍ക്കെയാണ് എസ്ഐ ഡാൻസ് കളിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ഇടുക്കിയുടെ മലയോര മേഖലകളില്‍ തമിഴ് സംസ്‌കാരമുള്ള ക്ഷേത്രങ്ങളില്‍ ഉത്സവ സമയത്ത് മാരിയമ്മൻ സ്‌തുതിപ്പാട്ടുകൾക്ക് ഒപ്പം പ്രദേശ വാസികൾ നൃത്തം ചവിട്ടാറുണ്ട്. എന്നാല്‍ സ്ഥലം എസ് ഐ തന്നെ നേരിട്ടെത്തി നൃത്തം ചവിട്ടിയത് നാട്ടുകാർക്കും കൗതുകമായി. നാട്ടുകാർ ഇടപെട്ട് എസ്‌ഐയെ നൃത്തം ചവിട്ടുന്നതില്‍ നിന്ന് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം സംഭവത്തിൽ കെപി ഷാജിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. പൊതുജനമധ്യത്തില്‍ ജോലി സമയത്ത് ഡാൻസ് കളിച്ചതിനാണ് സസ്‌പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നടപടി.