ഈദിനെ വരവേറ്റ് വിശ്വാസികള്‍; കാസർകോട് തളങ്കര മാലിക് ദിനാർ ജുമാ മസ്‌ജിദിൽ പ്രത്യേക പെരുന്നാൾ നമസ്‌കാരം നടന്നു

By

Published : Apr 22, 2023, 3:55 PM IST

thumbnail

കാസർകോട്: ചരിത്ര പ്രസിദ്ധമായ കാസർകോട് തളങ്കര മാലിക് ദിനാർ ജുമാ മസ്‌ജിദിൽ പ്രത്യേക പെരുന്നാൾ നമസ്‌കാരം നടന്നു. ജുമാ മസ്‌ജിദ് ഇമാം മജീദ് വാഖഫി പ്രാർഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലഹരികൾക്ക് പിന്നാലെ പോകാതെ ആത്മീയവും നിയന്ത്രണപരവുമായ ആഘോഷങ്ങളാണ് നമുക്ക് വേണ്ടതെന്ന് ഈദ് സന്ദേശത്തിൽ ഇമാം പറഞ്ഞു.

നൂറു കണക്കിന് വിശ്വസികളാണ് പെരുന്നാൾ നമസ്‌കാരത്തിന് പങ്കെടുക്കാൻ പള്ളിയിൽ എത്തിയത്. ഈദ് പ്രഭാഷണം ശ്രവിച്ച ശേഷം വിശ്വാസികള്‍ പരസ്‌പരം ആലിംഗനം ചെയ്‌തു സാഹോദര്യവും സ്‌നേഹവും കൈമാറി. കേരളത്തിൽ ഇസ്‌ലാം കടന്നു വന്ന കാലത്തിന്‍റെ അടയാളങ്ങളിൽ ഒന്നാണ് 1421 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട മാലിക് ദിനാർ പള്ളി.

പള്ളിയുടെ തൂണുകളിലും മേൽക്കൂരയിലും പഴയ മിമ്പറിലും (പ്രസംഗപീഠം) പല ചരിത്രസത്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. മാലിക്ബ്‌നു ദീനാർ പള്ളിയുടെ വാതിൽപ്പടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അന്ന് ഹിജ്റ വർഷം 22, റജബ് മാസം 13, തിങ്കളാഴ്‌ച, കാസർകോട് ജുമുഅത്ത് പള്ളി സ്ഥാപിച്ചു’.

കാലങ്ങൾക്കു മുമ്പ് തന്നെ അറബികൾ മലബാറുമായി കച്ചവടബന്ധം വച്ചുപുലർത്തിയിരുന്നു. മാലിക്ബ്‌നു ദീനാറിന്‍റെയും കൂട്ടരുടെയും വരവിനു കളമൊരുക്കിയത് അറബികൾക്ക് മലബാറുമായുള്ള കച്ചവടബന്ധമാണ്. 1802 ൽ പ്രദേശത്തുകാരായ ആളുകളുടെ ചെലവിൽ പള്ളി പുനർനിർമിച്ചു.

പള്ളിയുടെ വാതിലിലും തൂണിലുമെല്ലാം അന്നത്തെ കാസർകോട്ടെ തച്ചുശാസ്ത്രജ്ഞരുടെയും കൊത്തുപണിക്കാരുടെയും കലാവിരുതുകൾ കാണാം. മക്കയിൽ നിന്നു കൊണ്ടുവന്ന മാർബിളാണ് കാസർകോട്ടെ പള്ളിയുടെ തറക്കല്ലായി ഇട്ടതെന്നും കരുതപ്പെടുന്നു. ജില്ലയിൽ പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളിലും മറ്റു ജുമാ മസ്‌ജിദുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.