വൃദ്ധയെ ജീവനോടെ കുഴിച്ച് മൂടി കൊലപ്പെടുത്തിയ സംഭവം: മകനും കൂട്ടുകാരനും ശിക്ഷ വിധിച്ച് കോടതി - വൃദ്ധ

🎬 Watch Now: Feature Video

thumbnail

By

Published : Mar 7, 2023, 4:44 PM IST

കൊല്ലം: പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ച് മൂടി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടത്താനം സ്വദേശിയായ സുനില്‍ കുമാറിനാണ് രണ്ടാം അഡിഷണല്‍ കോടതി ജഡ്‌ജ് ശിക്ഷ വിധിച്ചത്. ഇയാളുടെ സുഹൃത്തും കൂട്ടു പ്രതിയുമായ കുട്ടന്‍ എന്നയാള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ സുനില്‍ കുമാറിന് കൂട്ട് നിന്നതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്.  

രണ്ടാം അഡീഷണൽ കോടതി ജഡ്‌ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. പട്ടത്താനം നീതി നഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ സാവിത്രിയമ്മയാണ് കൊല്ലപ്പെട്ടത്. 2019 സെപ്‌റ്റംബറിലായിരുന്നു സംഭവം. സാവിത്രിയമ്മയെ കാണാതായതിനെ തുടര്‍ന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കി. മകളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഒരു മാസത്തിന് ശേഷമാണ് സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു കൊലക്കേസില്‍ പ്രതിയായ ഇയാളെ ഒരു മാസമായി അന്വേഷണ സംഘം നിരീക്ഷിച്ചതിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്.  

കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ കുട്ടന്‍ ഒളിവില്‍ പോയി. ഇതോടെ പൊലീസ് സംശയം ബലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഒക്‌ടോബര്‍ 10ന് സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. അമ്മയുടെ പേരിലുള്ള സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് സുനില്‍ കുമാര്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 13നാണ് ഇയാളെയും സുഹൃത്ത് കുട്ടനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. 

സാവിത്രിയമ്മയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് കൊലപാതകത്തിലെ കുട്ടന്‍റെ പങ്കാളിത്തം പുറത്തറിഞ്ഞത്. ശ്വാസകോശത്തിലും അന്നനാളത്തിലും കണ്ടെത്തിയ മണ്ണിന്‍റെ സൂക്ഷമാംശമാണ് സാവിത്രി മണ്ണിനിടയിൽ വച്ച് അവസാന ശ്വാസം എടുത്തതിന് തെളിവായത്. മുഖത്ത് അടിയേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. മുഖത്തേറ്റ അടിയുടെ ആഘാതത്തില്‍ മസ്‌തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നതായും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. വാരിയെല്ലിന് ക്ഷതമേറ്റതായും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസം നിലച്ചെന്ന് ഏകദേശം ഉറപ്പ് വരുത്തിയാണ് മകൻ സുനിൽ കുമാർ മൃതദേഹം കുഴിയിലിട്ട് മൂടിയതെന്നും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.വി വിനോദ് കോടതിയിൽ ഹാജരായി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.