mt vasudevan nair | നവതി നിറവില്‍ എംടി, ആശംസകളുമായി സീതാറാം യെച്ചൂരി - വി ഡി സതീശന്‍
🎬 Watch Now: Feature Video
കോഴിക്കോട്: നവതിയാഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരെ (M. T. Vasudevan Nair) സന്ദർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് ആശംസ നേര്‍ന്നത്. എളമരം കരീം എംപി, സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് യെച്ചൂരി കോഴിക്കോട്ട് എത്തിയത്. അതേസമയം, നവതി നിറവിലെത്തിയ മലയാളത്തിന്‍റെ മഹാ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് (M. T. Vasudevan Nair) മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) പ്രതിപക്ഷ നേതാവ് വിഡി സതീശനും (V. D. Satheesan) ആശംസകള്‍ അറിയിച്ചിരുന്നു. എം ടിയുടെ നവതി കേരളത്തിന്‍റെയാകെ അഭിമാനമുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്‌പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്‌ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.