ആവശ്യത്തിന് ഡോക്‌ടർമാരില്ല: ഇടുക്കി ഉപ്പുതറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
🎬 Watch Now: Feature Video
ഇടുക്കി: ദിനം പ്രതി നാനൂറോളം രോഗികൾ ചികിത്സ തേടുന്ന ഇടുക്കി ഉപ്പുതറ സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഡോക്‌ടർമാർ ഇല്ലെന്ന് പരാതി. മെഡിക്കൽ ഓഫീസർ അടക്കം ഇവിടെയുള്ളത് രണ്ടു ഡോക്‌ടർമാർ മാത്രം. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ ആകെ അവതാളത്തിലാക്കുകയാണ്. 50 പേരെ കിടത്തി ചികിത്സിക്കാനാകുന്ന ആശുപത്രിയിൽ, നിലവിൽ ഒ. പി വിഭാഗം പോലും നടത്തിക്കൊണ്ടു പോകാൻ കഴിയുന്നില്ല. ആശുപത്രിയിൽ രാവിലെ എത്തുന്നവർ ഡോക്‌ടറെ കാണാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു. ഒ. പിയിലുള്ള ഡോക്‌ടർക്കാണെങ്കിൽ, ഉച്ച ഭക്ഷണം പോലും ഉപേക്ഷിച്ച് രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം ആയിരുന്നപ്പോഴുള്ള അതേ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും തുടരുന്നത്. പിന്നീട് ബ്ലോക്ക് പി. എച്ച്. സി ആയും തുടർന്ന് സാമൂഹിക ആരോഗ്യ കേന്ദ്രമായും ഉയർത്തിയെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സിവിൽ സർജൻ അടക്കം ഏഴു ഡോക്‌ടർമാരാണ് ആശുപത്രിയിൽ വേണ്ടത്.
എന്നാൽ ഇതുവരെ നാലിൽ കുടുതൽ ഡോക്‌ടർമാരുടെ സേവനം ഇവിടെ ലഭിച്ചിട്ടില്ല. കണ്ണംപടി വനമേഖലയിലെ 12 ആദിവാസി കുടിയിലേയും പൂട്ടിക്കിടക്കുന്ന നാലു തോട്ടങ്ങളിലേയും സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രിക്കാണ് ഈ ദുർഗതി. ഡോക്‌ടർമാരുടേയും, ജീവനക്കാരുടേയും കുറവു കാരണം ആദിവാസി, തോട്ടം മേഖലയിലെ മെഡിക്കൽ ക്യാമ്പുകളും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ എക്സ്റേ ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. ഫാർമസി കെട്ടിടത്തിന്‍റെ നിർമാണവും പൂർത്തീകരിച്ചില്ല. മതിയായ ജീവനക്കാരെ നിയമിച്ച് ആധുനിക രീതിയിലുള്ള പരിശോധനയും ചികിത്സയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് തികഞ്ഞ അനാസ്ഥ കാട്ടുകയാണ്.