17 വർഷത്തിന് ശേഷം പരോൾ ; മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തി റിപ്പർ ജയാനന്ദൻ
🎬 Watch Now: Feature Video
തൃശൂർ : കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന്‍റെ മകളുടെ വിവാഹം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ ജയാനന്ദനെ എത്തിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തേക്കായിരുന്നു ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നത്.
പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായിട്ടാണ് ജയാനന്ദന് പരോള്‍ ലഭിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. വിയ്യൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ തടവിൽ കഴിഞ്ഞിരുന്ന ജയാനന്ദൻ ഇന്നലെ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്.
മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. വടക്കുംനാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങില്‍ പൊലീസ് അകമ്പടിയിൽ പങ്കെടുക്കാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്.
ജയാനന്ദന്‍റെ കുടുംബത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് വിവാഹത്തിനായി പൂർണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്. അഭിഭാഷകയായ, ജയാനന്ദന്‍റെ മകൾ തന്നെയായിരുന്നു ഇയാള്‍ക്കുവേണ്ടി കോടതിയിൽ ഹാജരായത്.
കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദൻ. മോഷണത്തിനായി സ്‌ത്രീകൾ ഉൾപ്പടെ ഏഴ് പേരെയാണ് റിപ്പർ ജയാനന്ദൻ കൊന്നുതള്ളിയത്. കുറ്റം തെളിഞ്ഞതോടെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സുപ്രീം കോടതി അത് ഒഴിവാക്കുകയും ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിക്കുകയുമായിരുന്നു.