ബെയ്റൂട്ട്: ഇസ്രായേല്‍ - ഹിസ്ബുള്ള വെടിനിർത്തലിനായി ഇറാനോട് സഹായം അഭ്യര്‍ഥിച്ച് ലെബനൻ്റെ താത്‌കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റി. ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ നിന്നുളള സൈനീക പിന്മാറ്റവും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഉപദേഷ്‌ടാവായ അലി ലാരിജാനിയുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേല്‍ - ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അലി ലാരിജാനി ലെബനനില്‍ എത്തിയത്. ഇരുപക്ഷത്തെയും വെടിനിർത്തല്‍ കരാറില്‍ ഒപ്പുവയ്‌ക്കാന്‍ അലി ലാരിജാനി പ്രേരിപ്പിച്ചു. യുഎസ് അംബാസഡർ ലിസ ജോൺസൺ നിർദിഷ്‌ട വെടിനിർത്തൽ കരാറിൻ്റെ കരട് ലെബനൻ പാർലമെൻ്റ് സ്‌പീക്കർ നബീഹ് ബെറിക്ക് കൈമാറിയതായി ലെബനൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. ചര്‍ച്ചകളില്‍ ഹിസ്ബുള്ളയെ പ്രതിനിധീകരിച്ച് എത്തിയത് ബീഹ് ബെറിക്ക് ആയിരുന്നു.
2006ലെ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം അവസാനിപ്പിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കരട് നിർദ്ദേശത്തിൻ്റെ പകർപ്പ് ബെയ്റൂട്ടിന് ലഭിച്ചതായി ലെബനീസ് ഔദ്യോഗിക വ്യത്തങ്ങള്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ലെബനന്‍ തയ്യാറായില്ല. തെക്കൻ ലെബനനിൽ ലെബനീസ് സൈന്യവും യുഎൻ സമാധാന സേനയും മാത്രമേ പ്രവര്‍ത്തിക്കാവു എന്നും ഹിസ്ബുള്ള പിന്മാറണമെന്നും അന്നത്തെ യുഎന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് നടപ്പായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹിസ്ബുള്ളയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതും ലെബനൻ സൈന്യത്തിന് പതിറ്റാണ്ടുകളായി ആയുധങ്ങളും ധനസഹായവും നല്‍കുന്നതും ഇറാനാണ്. ഹമാസ് ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് പിറ്റേ ദിവസം മുതല്‍ ഹിസ്‌ബുളള വടക്കൻ ഇസ്രായേലിന് മുകളില്‍ റോക്കറ്റ് ആക്രമണം തുടങ്ങി. തുടര്‍ന്ന് സെപ്‌റ്റംബർ അവസാനം മുതൽ ഇസ്രായേല്‍ ലെബനന് നേരെ ശക്തമായ ആക്രമണം തുടങ്ങുകയും നിരവധി ജീവനുകള്‍ ഇല്ലാതവുകയും ചെയ്‌തു.